യുഎസിന്റെ നിരീക്ഷണ ഡ്രോണ്‍ യെമനിലെ ഹൗതി വിമതര്‍ വെടിവച്ചിട്ടു.
ഡമാസ്കസ്: യുഎസിന്റെ നിരീക്ഷണ ഡ്രോണ്‍ യെമനിലെ ഹൗതി വിമതര്‍ വെടിവച്ചിട്ടു. അത്യാധുനിക എംക്യു9 റീപ്പര്‍ ഡ്രോണിനെ മിസൈല്‍ പ്രയോഗിച്ചു വീഴ്ത്തുന്നത് എന്നവകാശപ്പെടുന്ന ദൃശ്യങ്ങള്‍ ഹൗതികള്‍ പുറത്തുവിട്ടു.
യെമൻ തീരത്തുവച്ചായിരുന്നു സംഭവമെന്നു യുഎസ് വൃത്തങ്ങള്‍ സ്ഥിരീകരിച്ചു.
ഇസ്രയേലിനുവേണ്ടി നിരീക്ഷണം നടത്തുന്നതിനിടെയാണ് ഡ്രോണ്‍ വെടിവച്ചിട്ടതെന്നാണ് അനുമാനം. ഇറാന്റെ പിന്തുണയുള്ള ഹൗതികള്‍ കഴിഞ്ഞമാസം ഇസ്രയേലിലേക്ക് ഡ്രോണുകളും മിസൈലുകളും തൊടുത്തിരുന്നെങ്കിലും യുഎസ് പടക്കപ്പല്‍ വെടിവച്ചിട്ടിരുന്നു.
ഇസ്രയേലിനു പിന്തുണയുമായി യുഎസ് വിമാനവാഹിനികളെയും അന്തര്‍വാഹിനിയെയും പശ്ചിമേഷ്യയില്‍ എത്തിച്ചിട്ടുണ്ട്. ഇറാനോ ലബനനിലെ ഹിസ്ബുള്ളയോ ഇസ്രയേലിനെ ആക്രമിക്കാൻ മുതിരരുതെന്ന മുന്നറിയിപ്പും യുഎസ് നല്‍കിയിട്ടുണ്ട്.
ഇസ്രയേല്‍ ഗാസയില്‍ ജനങ്ങളെ കൊല്ലുന്നതു തുടര്‍ന്നാല്‍ പശ്ചിമേഷ്യാ സംഘര്‍ഷം വ്യാപിക്കുമെന്ന മുന്നറിയിപ്പ് ഹിസ്ബുള്ളയുടെ ഉപമേധാവി ഷെയ്ഖ് നയീം ഖ്വാസിം കഴിഞ്ഞദിവസം നല്കി.
ഇതിനിടെ, സിറിയയില്‍ വീണ്ടും വ്യോമാക്രമണം നടത്തിയതായി യുഎസ് ഇന്നലെ അറിയിച്ചു. ഇറാനിലെ വിപ്ലവഗാര്ഡുമായി ബന്ധമുള്ള സംഘടനകളുടെ കിഴക്കൻ സിറിയ താവളങ്ങളാണ് ആക്രമിച്ചത്.
യുഎസ് ആഴ്ചകള്‍ക്കിടെ സിറിയയില്‍ നടത്തുന്ന രണ്ടാമത്തെ വ്യോമാക്രമണമാണിത്. സിറിയയിലെയും ഇറാക്കിലെയും അമേരിക്കൻ സൈനികതാവളങ്ങള്‍ക്കു നേര്‍ക്കുള്ള ആക്രമണങ്ങള്‍ക്കു മറുപടിയാണിതെന്ന് പെന്റഗണ്‍ വിശദീകരിച്ചു.
ഇറാന്റെ പിന്തുണയുള്ള സംഘടനകളാണ് യുഎസ് താവളങ്ങളില്‍ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തുന്നത്.