സപ്ലൈകോയിലെ സബ്സിഡി സാധനങ്ങളുടെ വില കൂട്ടാൻ തീരുമാനം.
തിരുവനന്തപുരം: സപ്ലൈകോയിലെ സബ്സിഡി സാധനങ്ങളുടെ വില കൂട്ടാൻ തീരുമാനം. പതിമൂന്നു ഇനങ്ങളുടെ വിലയാണ് വര്‍ധിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്.
7 വര്‍ഷത്തിന് ശേഷമാണ് സബ്സിഡി സാധനങ്ങളുടെ വില കൂട്ടുന്നത്. വില കൂട്ടണം എന്നായിരുന്നു സപ്ലൈക്കോ ആവശ്യം. തീരുമാനം എടുക്കാൻ ഭക്ഷ്യ മന്ത്രിയെ എല്‍ഡിഎഫ് ചുമതലപ്പെടുത്തി.
നിലവിലെ പ്രതിസന്ധിക്ക് കാരണം സപ്ലൈകോ മാനേജ്മെന്റിന്റെ പിടിപ്പുകേടാണെന്ന് മന്ത്രി തുറന്നടിച്ചതിന് പിന്നാലെ ചോദിക്കുന്ന പണമത്രയും കൊടുത്ത് സപ്ലൈകോയെ നിലനിര്‍ത്താനാകില്ലെന്ന നിലപാടാണ് ധനവകുപ്പിനുള്ളത്. അതേസമയം സംസ്ഥാന സര്‍ക്കാര്‍ കുടിശിക തീര്‍ത്ത് നല്‍കാതെ വിപണി ഇടപെടല്‍ പോലും സാധ്യമല്ലെന്ന് സപ്ലൈകോയും വ്യക്തമാക്കുന്നു.
വിലക്കയറ്റത്തിന്റെ കാലത്ത് വിപണി ഇടപെടല്‍ പൂര്‍ണ്ണമായും പാളി. 13 ഇനം അവശ്യസാധനങ്ങള്‍ക്ക് വിലക്കയറ്റം ഉണ്ടാകില്ലെന്ന പിണറായി സര്‍ക്കാരിന്റെ വാഗ്ദാനം പോലും പെരുവഴിയിലാണ്. കുടിശിക തീര്‍ക്കാതെ വിപണി ഇടപെടല്‍ സാധ്യമല്ലെന്ന് വിലപേശിത്തുടങ്ങിയതോടെയാണ് ഇതുവരെ കൊടുത്ത തുകയുടെ കണക്ക് ധനവകുപ്പ് നിരത്തുന്നത്. മുപ്പത് മാസത്തിനിടെ വില നിയന്ത്രണത്തിനും വിപണി ഇടപെടലിനും നെല്ല് സംഭരണത്തിനുമായി സപ്ലൈകോയ്ക്ക് നല്‍കിയത് 7943.26 കോടി രൂപയാണ്.
വിപണി ഇടപെടലിന് 3058.9 കോടിയും കര്‍ഷകരില്‍ നിന്ന് നെല്ല് സംഭരണത്തിന് 1294.36 കോടിയും നല്കി. ബാങ്ക് വായ്പയായി 3600 കോടി ലഭ്യമാക്കി. വിപണി ഇടപെടലിന് ഈ വര്‍ഷം നാല് മാസത്തിനിടെ 190.9 കോടി രൂപ അനുവദിച്ചു. ബജറ്റില്‍ വാര്‍ഷിക വകയിരുത്തല്‍ 190 കോടി മാത്രമെന്നിരിക്കെയാണ് ഇത്.
കഴിഞ്ഞ വര്‍ഷം ഇത് 440 കോടിയും 2021-22 കാലയളവില്‍ 1428 കോടിയും ആയിരുന്നു. വിപണി ഇടപെടലിന്റെ കണക്കിലാണെങ്കില്‍ നെല്ല് സംഭരണത്തിന് ഈ വര്‍ഷം നല്‍കിയത് 60 കോടിയാണ്. കഴിഞ്ഞ വര്‍ഷം 274.36 കോടി അനുവദിച്ചിരുന്നു. സംഭരണ കുടിശിക തീര്‍ക്കാൻ സഹകരണ കണ്‍സോര്‍ഷ്യത്തില്‍ നിന്ന് പണമെടുക്കുന്ന പതിവിന് പകരം മൂന്ന് ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തെ സമാപിച്ച സപ്ലൈകോയുടെ നടപടി ഏകപക്ഷീയമാണെന്ന് ആരോപിക്കുന്ന ധനവകുപ്പിനും സഹകരണ വകുപ്പിനും ഇക്കാര്യത്തില്‍ വലിയ അതൃപ്തിയുമുണ്ട്.
കുഴപ്പമില്ലാതെ പോയിരുന്ന സംവിധാനം തകിടം മറിച്ചത് സപ്ലൈകോ ആണെന്നാണ് വകുപ്പുതല വിമര്‍ശനം. ഇതിനെല്ലാം പുറമെ നെല്ല് സംഭരണത്തില്‍ കേന്ദ്ര കുടിശിക നേടിയെടുക്കുന്നതിലും സപ്ലൈകോ വരുത്തിയത് ഗുരുതര വീഴ്ചയാണ്. 2018 മുതലുള്ള ഓഡിറ്റ് റിപ്പോര്‍ട്ട് വച്ച് താമസിപ്പിച്ച സപ്ലൈകോ ഇപ്പോഴിത് തീര്‍ത്ത് കൊടുക്കാനുള്ള നെട്ടോട്ടത്തിലാണ്.
വരവ്-ചെലവ് കണക്കുകള്‍ കൃത്യമല്ല, വായ്പയെടുപ്പ് സംവിധാനത്തിലെ പിഴവ് മുതല്‍ വകമാറ്റി ചെലവഴിക്കുന്ന തുകയില്‍ വരെ സപ്ലൈകോയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതാണ് ധനവകുപ്പ് നിലപാട്. ഈ അവസ്ഥയില്‍ നിന്നാണ് ഇങ്ങനെ പോയാല്‍ ശരിയാകില്ലെന്ന് സപ്ലൈകോയും ധനവകുപ്പും ഒരു പോലെ പരസ്പരം പറയുന്നതും.