ഉത്തരകാശി തുരങ്കം ; രക്ഷാപ്രവര്‍ത്തനത്തിന് തായ്‌ലൻഡ് സംഘം

November 17, 2023
21
Views

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ഉത്തരകാശിക്കടുത്ത് തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷിക്കാൻ തായ്‌ലൻഡ്, നോര്‍വെ എന്നീ രാജ്യങ്ങളില്‍നിന്ന് വിദഗ്ധസംഘം എത്തും.

2018ല്‍ തായ്‌ലൻഡില്‍ ഗുഹയില്‍ കുടുങ്ങിയ കുട്ടികളെ രക്ഷിച്ചവരും സംഘത്തിലുണ്ടാകും.
40 തൊഴിലാളികളാണ് 96 മണിക്കൂറിലേറെയായി ഉത്തരകാശി ജില്ലയിലെ ബഹ്മഖല്‍-യമുനോത്രി ദേശീയപാതയില്‍ സില്‍ക്യാരയ്ക്കും ദണ്ഡല്‍ഗാവിനും ഇടയിലുള്ള തുരങ്കത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നത്.

തൊഴിലാളികളില്‍ ചിലര്‍ക്ക് പനി ഉള്‍പ്പെടെയുള്ള ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായതിനാല്‍ രക്ഷാപ്രവര്‍ത്തനം പരമാവധി വേഗത്തിലാക്കിയിട്ടുണ്ട്. ട്യൂബ് വഴിയാണ് ഓക്സിജനും ഭക്ഷണവും വെള്ളവും മരുന്നുകളും നല്‍കുന്നത്.

ഡല്‍ഹിയില്‍നിന്ന് യുഎസ് നിര്‍മിത ഡ്രില്ലിംഗ് ഉപകരണമായ “അമേരിക്കൻ ആഗര്‍’ ഇന്നലെ എത്തിച്ചത് രക്ഷാപ്രവര്‍ത്തനത്തില്‍ നിര്‍ണായകമാകും. വേഗത്തില്‍ കുഴിയെടുക്കാൻ കഴിയുന്നതിലൂടെ ഇതു രക്ഷാപ്രവര്‍ത്തനത്തെ കൂടുതല്‍ സഹായിക്കും.

നിലവില്‍ തുരക്കാൻ ഉപയോഗിച്ചിരുന്ന ഡ്രില്ലിംഗ് മെഷീന് കേടുപാടുകള്‍ സംഭവിച്ചതിനാലാണു കൂടുതല്‍ ശേഷിയുള്ള മെഷീൻ എത്തിച്ചത്. പാറയുടെയും കോണ്‍ക്രീറ്റ് അവശിഷ്‌ടങ്ങളുടെയും ഇടയിലൂടെ ഉരുക്കുകുഴലുകള്‍ കയറ്റി രക്ഷാപാത ഒരുക്കാനാണു ശ്രമിക്കുന്നത്. ആദ്യ ഡ്രില്ലിംഗ് മെഷീന്‍റെ പ്രവര്‍ത്തനത്തിനു വേഗം കുറവായിരുന്നെന്നും ചില സാങ്കേതിക പ്രശ്നങ്ങള്‍ ഉണ്ടായിരുന്നെന്നും അധികൃതര്‍ വ്യക്തമാക്കി.

തുരങ്കത്തിന്‍റെ തകര്‍ന്ന അവശിഷ്‌ടങ്ങള്‍ക്കിടയിലൂടെ അകത്തേക്ക് അമേരിക്കൻ ആഗര്‍ ഉപയോഗിച്ച്‌ കുഴിയെടുക്കുകയാണ് ആദ്യപടി. തുടര്‍ന്ന് 800-900 മില്ലിമീറ്റര്‍ വ്യാസമുള്ള മൃദുവായ സ്റ്റീല്‍ പൈപ്പുകള്‍ കടത്തിവിടും. അതുവഴി കുടുങ്ങിക്കിടക്കുന്ന തൊഴിലാളികള്‍ക്ക് ഇഴഞ്ഞ് പുറത്തെത്താൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

രക്ഷാപ്രവര്‍ത്തനത്തിനിടെ, കഴിഞ്ഞദിവസം വീണ്ടും മണ്ണിടിച്ചിലുണ്ടായത് ആശങ്ക സൃഷ്‌ടിച്ചിരുന്നു.തൊഴിലാളികളുമായി വോക്കിടോക്കി വഴി രക്ഷാപ്രവര്‍ത്തകര്‍ ബന്ധപ്പെടുന്നുണ്ട്. എത്രയും പെട്ടെന്ന് കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാനാകുമെന്ന് ഉത്തരകാശി ജില്ലാ ഭരണകൂടം വ്യക്തമാക്കി.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *