യൂട്യൂബര്‍മാര്‍ക്ക് മുന്നറിയിപ്പ്; പുതിയ നിയമം പാലിച്ചില്ലെങ്കില്‍ വരുമാനം വരെ തടയും

November 17, 2023
38
Views

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് അഥവാ നിര്‍മിത ബുദ്ധി ഞെട്ടിക്കുന്ന വളര്‍ച്ച കൈവരിച്ചുകൊണ്ടിരിക്കുന്ന കാലത്താണ് നാം ജീവിക്കുന്നത്.

ചാറ്റ്ജിപിടി, ഡാല്‍-ഇ, ഗൂഗിള്‍ ബാര്‍ഡ് പോലുള്ള ജനറേറ്റീവ് എ.ഐ-യാണ് ഇപ്പോള്‍ ടെക് ലോകത്തെ താരങ്ങള്‍. ഉപയോക്താക്കള്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച്‌ ചിത്രങ്ങളും വിഡിയോകളും ടെക്സ്റ്റുകളുമടക്കം പലതരം ഉള്ളടക്കങ്ങള്‍ സൃഷ്ടിക്കാൻ എ.ഐക്ക് കഴിയും. അതായത്, സോഷ്യല്‍ മീഡിയക്ക് വേണ്ടി കണ്ടന്റുകളുണ്ടാക്കാൻ ഈ കാലത്ത് വലിയ അധ്വാനമില്ലെന്ന് ചുരുക്കം.

എന്നാല്‍, വിഡിയോകളില്‍ എ.ഐ ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് യൂട്യൂബ്. എ.ഐ ഉള്ളടക്കത്തിനായി യൂട്യൂബ് പുതിയ നിയമങ്ങള്‍ അവതരിപ്പിച്ചു. റിയലിസ്റ്റിക് വീഡിയോകള്‍ നിര്‍മിക്കാൻ ജനറേറ്റീവ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് ഉപയോഗിച്ചിട്ടുണ്ടോ എന്ന് ഇനിമുതല്‍ സ്രഷ്‌ടാക്കള്‍ വെളിപ്പെടുത്തേണ്ടിവരും.

പങ്കുവെക്കുന്ന ഉള്ളടക്കത്തില്‍ എ.ഐ ഉപയോഗിച്ച്‌ സൃഷ്ടിച്ച വിഡിയോയോ, ചിത്രങ്ങളോ ഉണ്ടായിട്ടും അത് വെളിപ്പെടുത്തിയിട്ടില്ലെങ്കില്‍ അത്തരക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് യൂട്യൂബ് ഒരു ബ്ലോഗ് പോസ്റ്റിലൂടെ അറിയിച്ചു. പിടിക്കപ്പെട്ടാൻ, ആ വിഡിയോ നീക്കം ചെയ്യുകയോ, യൂട്യൂബിന്റെ റെവന്യൂ ഷെയറിങ് പ്രോഗ്രാമില്‍ നിന്ന് യൂട്യൂബറെ സസ്‍പെൻഡ് ചെയ്യുകയോ ചെയ്തേക്കാം.

“ജനറേറ്റീവ് എ.ഐക്ക് യൂട്യൂബില്‍ സര്‍ഗ്ഗാത്മകത പരത്താനും പ്ലാറ്റ്‌ഫോമിലെ കാഴ്ചക്കാര്‍ക്കും ഉള്ളടക്ക സ്രഷ്‌ടാക്കള്‍ക്കും മികച്ച അനുഭവം നല്‍കാനും കഴിയും. എന്നാല്‍, ഇത്തരം അവസരങ്ങള്‍ യൂട്യൂബ് കമ്യണിറ്റിയെ ബാധിക്കില്ലെന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്തം നമുക്കുണ്ട്,” -പ്രൊഡക്‌ട് മാനേജ്‌മെന്റിന്റെ വൈസ് പ്രസിഡന്റുമാരായ ജെന്നിഫര്‍ ഫ്ലാനറി ഒ’കോണറും എമിലി മോക്‌സ്‌ലിയും ബ്ലോഗ് പോസ്റ്റില്‍ എഴുതി.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് ഉപയോഗിച്ചുള്ള യൂട്യൂബിലെയും മറ്റ് ഗൂഗിള്‍ പ്ലാറ്റ്‌ഫോമുകളിലെയും രാഷ്ട്രീയ പരസ്യങ്ങള്‍ക്കൊപ്പം മുന്നറിയിപ്പ് ലേബല്‍ നിര്‍ബന്ധമായും വരണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഗൂഗിള്‍ സെപ്റ്റംബറില്‍ പുറത്തിറക്കിയ നിയമങ്ങളുമായി ബന്ധപ്പെട്ടുള്ളതാണ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച പുതിയ നിയമവും

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *