പൊന്നാനി: കൊല്ലം ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതികളെക്കുറിച്ച് സൂചന ലഭിച്ചെന്ന് മന്ത്രി പി. രാജീവ്. നല്ലരീതിയിലാണ് അന്വേഷണം പോകുന്നതെന്നാണ് മനസിലാക്കുന്നതെന്നും പ്രതികൾ ഉടൻ പിടിയിലാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പോലീസ് നന്നായിത്തന്നെ അന്വേഷണം മുന്നോട്ടുകൊണ്ടുപോയി. പ്രതികൾക്ക് പുറത്തിറങ്ങാൻ പറ്റാത്ത ഒരു സാഹചര്യത്തിലേക്കെത്തി. മാധ്യമങ്ങളും ജനങ്ങളും വളരെ ജാഗരൂകരായി. എല്ലാ സംവിധാനങ്ങളും ഏകോപിച്ച് നടത്തിയ പ്രവർത്തനത്തിന്റെ ഫലമായി കൊല്ലം ജില്ലയിൽ നിന്ന് പുറത്തേക്കുപോകാൻ സംഘത്തിനു കഴിഞ്ഞില്ല. അധികം വൈകാതെ തന്നെ പ്രതികളെ പിടികൂടി നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പി. രാജീവ് പറഞ്ഞു.
അതേസമയം, രക്ഷപെട്ട ആറുവയസുകാരി ഇന്ന് വീട്ടിലേക്ക് മടങ്ങിയേക്കും. നിലവിൽ കുട്ടി ഗവ. വിക്ടോറിയ ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുകയാണ്. കുഞ്ഞിന്റെ മാതാപിതാക്കളും സഹോദരനും ആശുപത്രിയിൽ ഒപ്പം ഉണ്ട്.
അതേസമയം, കുട്ടിയെ തട്ടിക്കൊണ്ടുപോയ സമയത്ത് മയക്കാൻ മരുന്ന് നൽകിയെന്നും സംശയമുണ്ട്. കുട്ടിയുടെ മൂത്രവും രക്തവും രാസപരിശോധനക്ക് അയച്ചു.
പ്രതികളെ കണ്ടെത്താൻ 30 സ്ത്രീകളുടെ ചിത്രങ്ങൾ കുട്ടിയെ കാണിച്ചെങ്കിലും ആരെയും കുട്ടി തിരിച്ചറിഞ്ഞില്ല. കുട്ടി ഭയമാകുന്നുവെന്ന് പറഞ്ഞതോടെ കൂടുതൽ ചോദിക്കുന്നത് അവസാനിപ്പിച്ചു.
പ്രതികളെ കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഡിഐജി നിശാന്തിനിക്കാണ് അന്വേഷണ ചുമതല നൽകിയിരിക്കുന്നത്.