‘മിഷോങ്’ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടില്‍ അതീവ ജാഗ്രതാ മുന്നറിയിപ്പ്.
‘മിഷോങ്’ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടില്‍ അതീവ ജാഗ്രതാ മുന്നറിയിപ്പ്.ബംഗാള്‍ ഉള്‍കടലില്‍ രൂപം കൊണ്ട മിഷോങ് ചുഴലിക്കാറ്റ് മണിക്കൂറില്‍ 100 കിലോമീറ്ററിലധികം വേഗത്തില്‍ ആഞ്ഞടിച്ചേക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.
തമിഴ്‌നാട്ടിലെ ചെന്നൈയ്ക്ക് സമീപത്തായി നെല്ലൂരിനും മച്ചിലിപട്ടണത്തിനും ഇടയില്‍ മിഷോങ് ചുഴലിക്കാറ്റ് കരതൊടാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. കനത്ത മഴയെ തുടര്‍ന്ന് ചെന്നൈ അടക്കം നാല് ജില്ലകളില്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തമിഴ് നാട് സര്‍കാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പുതുച്ചേരിയിലും ജാഗ്രത നിര്‍ദേശമുണ്ട്. തിങ്കളാഴ്ച പുതുച്ചേരി, കാരക്കല്‍, യാനം മേഖലകളിലെ എല്ലാ സ്‌കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മേഖലകളില്‍ ചുവപ്പ് ജാഗ്രതയും പ്രഖ്യാപിച്ചിട്ടുണ്ട്.
ചുഴലിക്കാറ്റിന്റെ ഭാഗമായി 12 ട്രെയിന്‍ സര്‍വീസുകള്‍ കൂടി റദ്ദാക്കിയതായി ദക്ഷിണ-മധ്യ റെയില്‍വേ അറിയിച്ചു. മൊത്തം 54 ട്രെയിന്‍ സര്‍വീസുകളാണ് റദ്ദാക്കിയത്. ബുധനാഴ്ചത്തെ എറണാകുളം – ടാറ്റാ നഗര്‍ ട്രെയിനും റദ്ദാക്കിയിട്ടുണ്ട്. തിങ്കളാഴ്ച എസ് എം വി ടി ബംഗ്ലൂരുവില്‍ നിന്നും നാഗര്‍ കോവിലിലേക്ക് പോകുന്ന നാഗര്‍കോവില്‍ എക്‌സ്പ്രസും റദ്ദാക്കിയിട്ടുണ്ട്. നാഗര്‍ കോവിലിന്റെ അഞ്ചാം തീയതിയിലെ യാത്രയും റദ്ദാക്കി.
ആറാം തീയതി എറണാംകുളം- ടാറ്റാ നഗര്‍ പോകുന്ന 18190 ട്രെയിനും എസ്‌എംവിടി ബംഗ്ലൂരു- ഗുഹാവത്തി സര്‍വീസ് നടത്തുന്ന 12509 ട്രെയിനും എസ്‌എംവിടി ബംഗ്ലൂരു- കാക്കിനട ടൗണ്‍ സര്‍വീസ് നടത്തുന്ന 17209 ട്രെയിനും എസ്‌എംവിടി ബംഗ്ലൂരുവില്‍ നിന്നും നാഗര്‍ കോവിലിലേക്ക് പോകുന്ന 17235, 17236 ട്രെയിനുകളുടെ സര്‍വീസും റദ്ദാക്കിയതായി ദക്ഷിണ-മധ്യ റെയില്‍വേ അറിയിച്ചു.
ഏഴാം തീയതി എസ്‌എംവിടി ബംഗ്ലൂരു- ഗുഹാവത്തി സര്‍വീസ് നടത്തുന്ന 12509 നമ്ബര്‍ ട്രെയിനും, എസ്‌എംവിടി ബംഗ്ലൂരു- കാക്കിനട ടൗണ്‍ സര്‍വീസ് നടത്തുന്ന 17209 ട്രെയിനും, നാഗര്‍കോവില്‍- എസ്‌എംവിടി ബംഗ്ലൂരു സര്‍വീസ് നടത്തുന്ന നാഗര്‍കോവില്‍ എക്പ്രസും റദ്ദാക്കി. എട്ടാം തീയതി എസ്‌എംവിടി ബംഗ്ലൂരു- കാക്കിനട ടൗണ്‍ സര്‍വീസ് നടത്തുന്ന 17209 ട്രെയിനും സര്‍വീസ് റദ്ദാക്കി.