മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; ഏറ്റുമുട്ടലില്‍ 13 പേര്‍ കൊല്ലപ്പെട്ടു

December 5, 2023
38
Views

മണിപ്പൂരില്‍ രണ്ട് വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ നിരവധി പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്.

ന്യൂഡല്‍ഹി: മണിപ്പൂരില്‍ രണ്ട് വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ നിരവധി പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്.

തെങ്നൗപാല്‍ ജില്ലയില്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം ഉണ്ടായ വെടിവെപ്പില്‍ 13 പേര്‍ കൊല്ലപ്പെട്ടതായി വാര്‍ത്താ ഏജൻസി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. സൈബോളിന് സമീപമുള്ള ലെയ്തു ഗ്രാമത്തിലാണ് ഏറ്റമുട്ടല്‍ ഉണ്ടായത്.

സുരക്ഷാസേന സ്ഥലത്തെത്തിയപ്പോള്‍ 13 മൃതദേഹങ്ങള്‍ കണ്ടെത്തിയതായി ഉദ്യോഗസ്ഥനെ ഉദ്ധരിച്ച്‌ ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. മൃതദേഹങ്ങള്‍ക്കരികില്‍ ആയുധങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. കൊല്ലപ്പെട്ടവര്‍ ലെയ്തു ഗ്രാമത്തില്‍ നിന്നുള്ളവരല്ലെന്നും മറ്റെതെങ്കിലും പ്രദേശത്തുനിന്നുമെത്തിയവരാകാമെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.

മരണപ്പെട്ടവരുടെ വിവരങ്ങള്‍ പോലീസോ സേനയൊ സ്ഥിരീകരിച്ചിട്ടില്ലെന്നാണ് വിവരം. പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ടെന്നും വിശദമായ അന്വേഷണം നടത്തുമെന്നും ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

മെയ് മൂന്നുമുതല്‍ മണിപ്പൂരില്‍ മെയ്തി, കുക്കി വിഭാഗങ്ങള്‍ തമ്മിലുണ്ടായ വംശീയ സംഘര്‍ഷത്തില്‍ 182 പേര്‍ കൊല്ലപ്പെടുകയും 50000-ഓളം പേര്‍ ഭവനരഹിതരാവുകയും ചെയ്തിട്ടുണ്ട്. ചില ജില്ലകളിലെ അതിര്‍ത്തി പ്രദേശങ്ങള്‍ ഒഴികെ അക്രമബാധിത പ്രദേശങ്ങളില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കുള്ള നിരോധനം ഏഴ് മാസങ്ങള്‍ക്ക് ശേഷം അധികൃതര്‍ നീക്കിയത് ഞായറാഴ്ചയാണ്.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *