ഗസ്സയിലെ ജനങ്ങള്‍ക്ക് ആശ്വാസ വസ്തുക്കളുമായി കുവൈത്ത് ബുധനാഴ്ചയും പ്രത്യേക വിമാനം അയച്ചു.
കുവൈത്ത് സിറ്റി: ഗസ്സയിലെ ജനങ്ങള്‍ക്ക് ആശ്വാസ വസ്തുക്കളുമായി കുവൈത്ത് ബുധനാഴ്ചയും പ്രത്യേക വിമാനം അയച്ചു.വിവിധ സാമഗ്രികളുമായി കുവൈത്ത് മാനുഷിക സഹായ വിമാനം ബുധനാഴ്ച അല്‍ അരിഷ് വിമാനത്താവളത്തിലെത്തി.
ഇതോടെ കുവൈത്ത് എയര്‍ ബ്രിഡ്ജ് വിമാനങ്ങളുടെ ആകെ എണ്ണം 35 ആയി. കുവൈത്ത് വിദേശകാര്യ, പ്രതിരോധ മന്ത്രാലയങ്ങളുടെ നിര്‍ദേശപ്രകാരം അല്‍ സലാം സൊസൈറ്റി ഫോര്‍ ഹ്യൂമാനിറ്റേറിയൻ ആൻഡ് ചാരിറ്റി, ഇന്‍റര്‍നാഷനല്‍ ഇസ്‍ലാമിക് ചാരിറ്റബിള്‍ ഓര്‍ഗനൈസേഷനുമായി സഹകരിച്ച് ഗസ്സയിലെ ജനങ്ങളെ സഹായിക്കുകയും പിന്തുണക്കുകയും ചെയ്യുന്നത് തുടരുമെന്ന് ചാരിറ്റബിള്‍ ഓര്‍ഗനൈസേഷനിലെ കമ്യൂണിക്കേഷൻ സെക്ടര്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ഇബ്രാഹിം അല്‍ ബാദര്‍ പറഞ്ഞു.
കുവൈത്ത് ചാരിറ്റികളുടെയും ഫലസ്തീൻ, ഈജിപ്ഷ്യൻ റെഡ് ക്രസന്‍റുകളുടെയും സഹകരണം ഇതിനുണ്ട്. ശൈത്യകാലത്ത് ആവശ്യമായ ഏറ്റവും നിര്‍ണായകമായ വസ്തുക്കള്‍ കണ്ടെത്തുന്നതിനായി, ഫലസ്തീൻ റെഡ് ക്രസന്‍റും ചാരിറ്റി ഗ്രൂപ്പുകളും തമ്മില്‍ നിരന്തര ഏകോപനവും സമ്ബര്‍ക്കവും ഉണ്ടെന്നും അല്‍ ബാദര്‍ പറഞ്ഞു. തുര്‍ക്കിയ തുറമുഖത്തുനിന്ന് രണ്ട് കപ്പലുകള്‍ പുറപ്പെടുന്നതിന് തയാറെടുപ്പുകള്‍ നടത്താൻ ചാരിറ്റി പ്രതിനിധി സംഘം തുര്‍ക്കിയിലേക്ക് പോകുമെന്നും അല്‍ ബാദര്‍ പറഞ്ഞു. പദ്ധതികള്‍ക്കായി 564,000 ദീനാര്‍ അനുവദിച്ചിട്ടുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി.