ചില സംസ്ഥാനങ്ങളില്‍ യു.ജി.സി നെറ്റ് പരീക്ഷക്ക് തുല്യമായി അംഗീകരിച്ച സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് (സെറ്റ്)/ സ്റ്റേറ്റ് ലെവല്‍ എലിജിബിലിറ്റി ടെസ്റ്റ് (സ്ലെറ്റ്) പരീക്ഷാ യോഗ്യത
തിരുവനന്തപുരം: ചില സംസ്ഥാനങ്ങളില്‍ യു.ജി.സി നെറ്റ് പരീക്ഷക്ക് തുല്യമായി അംഗീകരിച്ച സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് (സെറ്റ്)/ സ്റ്റേറ്റ് ലെവല്‍ എലിജിബിലിറ്റി ടെസ്റ്റ് (സ്ലെറ്റ്) പരീക്ഷാ യോഗ്യത സംസ്ഥാനത്തെ കോളജുകളില്‍ അസിസ്റ്റന്റ് പ്രഫസര്‍ തസ്തികയില്‍ നിയമനത്തിനുള്ള യോഗ്യതയാക്കി സര്‍ക്കാര്‍ ഉത്തരവ്.
ഇതുസംബന്ധിച്ച് സ്പെഷല്‍ റൂള്‍സില്‍ ഭേദഗതി വരുത്താനും തീരുമാനിച്ചു.
ഉത്തരവിന് മുൻകാല പ്രാബല്യമില്ല. ഉത്തരവോടെ മറ്റു സംസ്ഥാനങ്ങളില്‍ യു.ജി.സി നെറ്റിന് തത്തുല്യമായി നടത്തുന്ന സെറ്റ് പരീക്ഷയില്‍ യോഗ്യത നേടി വരുന്നവര്‍ക്ക് കേരളത്തിലെ കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ പരിധിയില്‍ വരുന്ന കോളജുകളില്‍ അസിസ്റ്റന്റ് പ്രഫസര്‍ നിയമനത്തിന് അര്‍ഹത ലഭിക്കും. നെറ്റ്/ സെറ്റ്/ സ്ലെറ്റ് പരീക്ഷകളില്‍ യോഗ്യത നേടിയവര്‍ക്ക് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അസി. പ്രഫസര്‍ തസ്തികയില്‍ നിയമനത്തിന് അര്‍ഹതയുണ്ടായിരിക്കുമെന്ന 2018ലെ യു.ജി.സി റെഗുലേഷൻ വ്യവസ്ഥ പ്രകാരമാണ് ഉത്തരവിറക്കിയതെന്നാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ വിശദീകരണം.
ഇക്കാര്യം കോളജ് അധ്യാപക നിയമനം സംബന്ധിച്ച സ്പെഷല്‍ റൂള്‍സില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇത് ഉള്‍പ്പെടുത്തുന്നതിന്റെ ഭാഗമാണ് സര്‍ക്കാര്‍ ഉത്തരവെന്നാണ് വിശദീകരണം. എന്നാല്‍, നെറ്റ് യോഗ്യത നേടാതിരിക്കുകയും ഇതരസംസ്ഥാനങ്ങളില്‍നിന്ന് സെറ്റ്/ സ്ലെറ്റ് നേടുകയും ചെയ്ത ചിലര്‍ക്കുവേണ്ടിയാണ് സര്‍ക്കാര്‍ ഉത്തരവെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. ഇക്കാര്യത്തില്‍ സര്‍ക്കാറിനെ ഉപദേശിക്കേണ്ട ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ അഭിപ്രായം തേടാതെയാണ് ഉത്തരവിറക്കിയത്.
കായിക അധ്യാപകര്‍ക്കും കോളജ് പ്രിൻസിപ്പലാകാം
തിരുവനന്തപുരം: സംസ്ഥാനത്തെ ആര്‍ട്സ് ആൻഡ് സയന്‍സ് കോളജുകളില്‍ കായികാധ്യാപകരെ പ്രിന്‍സിപ്പല്‍മാരാക്കാൻ അനുമതി നല്കി സര്‍ക്കാര്‍ ഉത്തരവ്. കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ സ്പെഷ്യല്‍ റൂള്‍സ് പ്രകാരം കായികാധ്യാപകരെ പ്രിന്‍സിപ്പല്‍ തസ്തികയിലേക്ക് സ്ഥാനക്കയറ്റം നല്കി നിയമിക്കാൻ വ്യവസ്ഥയില്ല. എന്നാല്‍, യു.ജി.സി. വ്യവസ്ഥ അത് അനുവദിക്കുന്നുണ്ട്. ഇതു കണക്കിലെടുത്താണ് നിര്‍ദേശം.