പാര്‍ലമെന്റിലും പരിസര പ്രദേശങ്ങളിലും അതീവ ജാഗ്രത
ഡല്‍ഹി: സുരക്ഷ വീഴ്ചയ്ക്ക് പിന്നാലെ പാര്‍ലമെന്റിലും പരിസര പ്രദേശങ്ങളിലും അതീവ ജാഗ്രത. പാര്‍ലമെന്റ് മന്ദിരം, വിജയ് ചൗക്ക് അടക്കം എല്ലായിടത്തും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
പ്രധാന കവാടം വഴി എംപിമാര്‍ക്ക് മാത്രമായി പ്രവേശനം പരിമിതപ്പെടുത്തി. പാര്‍ലമെന്റ് ജീവനക്കാര്‍ക്ക് പ്രവേശനം വേറെ കവാടം വഴിയാണ്. വിശദമായ പരിശോധനയ്ക്ക് ശേഷമാണ് ജീവനക്കാരെ കയറ്റി വിടുന്നത്. ജീവനക്കാരുടെ ദേഹപരിശോധനയ്ക്ക് പുറമെ ബാഗുകള്‍, ഷൂ എന്നിവയും പരിശോധന നടത്തി.
വിജയ് ചൗക്ക് മേഖലയിലേക്ക് മാധ്യമ പ്രവര്‍ത്തകര്‍ക്കും വിവിധ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥര്‍ക്കും മാത്രമാണ് പ്രവേശനം. അതേസമയം പാര്‍ലമെന്റില്‍ 170 ല്‍ അധികം സുരക്ഷ ഉദ്യോഗസ്ഥരുടെ തസ്തികകള്‍ ഒഴിഞ്ഞു കിടക്കുന്നതായി പ്രതിപക്ഷ എംപിമാര്‍ ആരോപിച്ചു.പാര്‍ലമെന്റ് സുരക്ഷാ വീഴ്ചയില്‍ ഏഴ് ഉദ്യോഗസ്ഥരെ ലോക്സഭ സെക്രട്ടറിയേറ്റ് സസ്പെന്‍ഡ് ചെയ്തു. പ്രാഥമിക അന്വേഷണത്തില്‍ വീഴ്ച ഉണ്ടായി എന്ന് കണ്ടെത്തിയ പശ്ചാത്തലത്തിലാണ് നടപടി.