വണ്ടിപ്പെരിയാര്‍ കേസില്‍ പ്രതിയെ വെറുതെവിട്ട സംഭവത്തില്‍ അപ്പീല്‍ പോകുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
ആലപ്പുഴ : വണ്ടിപ്പെരിയാര്‍ കേസില്‍ പ്രതിയെ വെറുതെവിട്ട സംഭവത്തില്‍ അപ്പീല്‍ പോകുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
സംസ്‌ഥാനത്തിന് അഭിമാനിക്കാവുന്ന ഒന്നല്ല ആ സാഹചര്യം. വിധി ഗൗരവമായി പരിശോധിക്കും. ആവശ്യമായ തുടര്‍നടപടികളുണ്ടാകും. കോടതിയുടെ നിരീക്ഷണത്തിന്റെ ഭാഗമായി വന്ന കാര്യങ്ങള്‍ ഗൗരവമായിട്ടെടുക്കുമെന്ന് നവകേരള സദസ് യാത്രയോടനുബന്ധിച്ച് ആലപ്പുഴയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
കേരളത്തിന്റെ ഭാവിവികസനത്തെ തടയുന്നതിനുള്ള നീക്കങ്ങളാണു കേന്ദ്രത്തിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്. അതിനെ ഭരണപക്ഷവും പ്രതിപക്ഷവും ഒന്നിച്ചു നേരിടണം. സഹകരിക്കണമെന്ന് തങ്ങള്‍ പ്രതിപക്ഷത്തോട് ആവര്‍ത്തിച്ച് പറയുന്നുണ്ട്. അതിന്റെ ഭാഗമായി ഏതെങ്കിലും ചര്‍ച്ചകള്‍ക്കോ മറ്റോ സര്‍ക്കാര്‍ തയാറുമാണ്. പ്രതിപക്ഷത്തിന്റെ നിലപാടു മാറുന്നതിന് ഏത് രീതിയിലുള്ള ചര്‍ച്ചയ്‌ക്കും സര്‍ക്കാരിനു മടിയില്ല. എന്നാല്‍ നാടിനെതിരായിട്ടുള്ള നിലപാടാണ് ഇപ്പോള്‍ പ്രതിപക്ഷ നേതാവ് അടക്കം സ്വീകരിച്ചു വരുന്നത്. അതേസമയം ഈ വിഷയത്തില്‍ മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയുടേത് സ്വാഗതകരമായ നിലപാടാണെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. അതിനര്‍ഥം ലീഗിനെ ഇങ്ങോട്ട് കൊണ്ടുവരാന്‍ ശ്രമിക്കുന്നുവെന്നാണെന്ന് എഴുതേണ്ടെന്നും മുഖ്യമന്ത്രി തമാശരൂപേണ പറഞ്ഞു.പാലായില്‍ നടന്ന നവകേരള സദസ് വേദിയില്‍ കോട്ടയം എം.പി തോമസ് ചാഴിക്കാടനെ താന്‍ അപമാനിച്ചെന്ന കോണ്‍ഗ്രസ് നേതാക്കളുടെ ആക്ഷേപങ്ങള്‍ ശരിയല്ല. ആരേയും അപമാനിക്കലോ ബഹുമാനിക്കലോ അല്ല അവിടെ ഉണ്ടായത്. കാര്യങ്ങള്‍ വിശദമായി പറയുകയാണുണ്ടായത്. നാട്ടുകാരോട് കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. കോട്ടയം എം.പി. എല്ലാ പരിപാടിയിലും ഉണ്ടായിരുന്നു. ഒരു പ്രശ്‌നവും അദ്ദേഹവും താനും തമ്മിലില്ല. മറിച്ച് പറയുന്നതു മനോരോഗമാണ്. പ്രത്യേക മാനസികനില എന്ന് പറയുന്നത് ഇതിനെയാണ്. പ്രതിപക്ഷത്തിനു മറ്റൊന്നും പറയാനില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു.