പാര്‍ലമെന്റില്‍നിന്ന് 141 പ്രതിപക്ഷ എം.പിമാരെ കൂട്ടത്തോടെ സസ്പെൻഡ് ചെയ്ത് പ്രതിപക്ഷ ശബ്ദമില്ലാതാക്കിയ മോദി സര്‍ക്കാറിനെതിരെ രാജ്യവ്യാപക സമരം നടത്താൻ ഇൻഡ്യ സഖ്യം തീരുമാനിച്ചു.
ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍നിന്ന് 141 പ്രതിപക്ഷ എം.പിമാരെ കൂട്ടത്തോടെ സസ്പെൻഡ് ചെയ്ത് പ്രതിപക്ഷ ശബ്ദമില്ലാതാക്കിയ മോദി സര്‍ക്കാറിനെതിരെ രാജ്യവ്യാപക സമരം നടത്താൻ ഇൻഡ്യ സഖ്യം തീരുമാനിച്ചു.
ന്യൂഡല്‍ഹിയിലെ അശോക ഹോട്ടലില്‍ ചൊവ്വാഴ്ച വൈകീട്ട് ചേര്‍ന്ന ഇൻഡ്യ സഖ്യത്തിന്റെ നാലാം യോഗമാണ് ഈ തീരുമാനം കൈക്കൊണ്ടത്. സസ്പെൻഡ് ചെയ്യപ്പെട്ട എം.പിമാരെ ഇറക്കി 22നാണ് രാജ്യവ്യാപക സമരം നടത്തുകയെന്ന് യോഗതീരുമാനം മാധ്യമങ്ങളോട് വിശദീകരിച്ച കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുൻ ഖാര്‍ഗെ പറഞ്ഞു.
28 ഘടക കക്ഷികളെയും കൂട്ടി എട്ടോ പത്തോ റാലികള്‍ രാജ്യവ്യാപകമായി നടത്താനുള്ള തീരുമാനവും യോഗം കൈക്കൊണ്ടു. ഘടകകക്ഷികള്‍ക്കിടയില്‍ സീറ്റു വിഭജനം വേഗത്തിലാക്കി 2024ലെ പൊതുതെരഞ്ഞെടുപ്പിലേക്ക് എത്രയും വേഗമിറങ്ങാനാണ് മൂന്നാമത്തെ തീരുമാനം. ഘടക കക്ഷികളുള്ള സംസ്ഥാനങ്ങളില്‍ ഇൻഡ്യ സഖ്യത്തിന്റെ സീറ്റ് വിഭജനം നടത്തും. ഓരോ സംസ്ഥാനങ്ങളിലും ഇതുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങള്‍ പരിഹരിക്കും. വിഭജനം നടക്കാത്തിടത്ത് സഖ്യത്തിന്റെ കേന്ദ്ര കമ്മിറ്റി തീരുമാനമെടുക്കും.
ജനാധിപത്യവിരുദ്ധമായ ബി.ജെ.പി സര്‍ക്കാറിന്റെ സഭാ നടത്തിപ്പിനെ അപലപിച്ച് ഇൻഡ്യ പ്രമേയം പാസാക്കിയെന്നും ജനാധിപത്യം രക്ഷിക്കാൻ എല്ലാവരും ഒരുമിച്ച് പോരാടേണ്ടതുണ്ടെന്ന് യോഗത്തിനെത്തിയ 28 പാര്‍ട്ടികളും യോജിപ്പിലെത്തിയെന്നും ഖാര്‍ഗെ പറഞ്ഞു. പാര്‍ലമെന്റില്‍ അതിക്രമിച്ചു കയറിയവര്‍ എങ്ങനെയാണ് വന്നത്? ആരാണ് അവരെ കൊണ്ടുവന്നത്? ആഭ്യന്തര മന്ത്രിയോ പ്രധാനമന്ത്രിയോ ലോക്സഭയിലും രാജ്യസഭയിലും വന്ന് ഉണ്ടായ സംഭവമെന്താണെന്ന് വ്യക്തമാക്കാനാണ് തുടക്കം മുതല്‍ക്ക് തങ്ങള്‍ ആവശ്യപ്പെടുന്നതെന്ന് ഖാര്‍ഗെ പറഞ്ഞു. എന്നാല്‍, അവരത് അംഗീകരിച്ചില്ല.
പാര്‍ലമെന്റ് നടന്നുകൊണ്ടിരിക്കുമ്ബോള്‍ അഹമ്മദാബാദില്‍ കെട്ടിടോദ്ഘാടനത്തിനും സ്വന്തം മണ്ഡലത്തില്‍ പര്യടനം നടത്താനും പോകുകയാണ്. ജനാധിപത്യത്തെ തീര്‍ക്കുകയാണ് അവരുടെ ഉദ്ദേശ്യം. തങ്ങള്‍ പാര്‍ലമെന്റില്‍ പോയില്ലെങ്കില്‍ ആരുണ്ട് ചോദിക്കാനെന്നാണ് അവരുടെ വിചാരം. തങ്ങളിരുവരുമില്ലാതെ ഇന്ത്യാ രാജ്യത്ത് മറ്റാരുമില്ലെന്ന ചിന്തയാണ് മോദിക്കും അമിത് ഷാക്കും. തങ്ങള്‍ മാത്രമാണ് ഭരിക്കാനുള്ളവര്‍ എന്ന ചിന്തക്ക് അറുതിവരുത്തേണ്ടതുണ്ടെന്നും ഖാര്‍ഗെ വ്യക്തമാക്കി.