തിരക്കുനിയന്ത്രണത്തിന്റെ പേരില്‍ പോലീസുമായി വാക്കേറ്റത്തിലേര്‍പ്പെട്ട് പുതിയ ദേവസ്വം ബോര്‍ഡ് അംഗം.
പത്തനംതിട്ട: തിരക്കുനിയന്ത്രണത്തിന്റെ പേരില്‍ പോലീസുമായി വാക്കേറ്റത്തിലേര്‍പ്പെട്ട് പുതിയ ദേവസ്വം ബോര്‍ഡ് അംഗം.
പുതായി ചുമതലയേറ്റ എ. അജികുമാറാണ് പെരുനാട് കൂനംകരയില്വച്ച് നടുറോഡില്‍ പോലീസുമായി തര്‍ക്കിച്ചത്.
തീര്‍ഥാടകരുടെ വാഹനങ്ങള്‍ തിരക്കില്ലാത്ത സമയത്തും വഴിനീളെ തടഞ്ഞിട്ടെുന്നാരോപിച്ച് ഇന്നലെ രാവിലെ 7.30 നായിരുന്നു വാക്കേറ്റം. വ്യാപാര സ്ഥാപനങ്ങളില്‍നിന്നു പണം വാങ്ങിയാണു പോലീസ് നടപടിയെന്ന ആക്ഷേപവും ബോര്‍ഡംഗം അജികുമാര്‍ ഉന്നയിച്ചു. സംഭവത്തില്‍ ജില്ലാ പോലീസ് മേധാവി ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെ അതൃപ്തി അറിയിച്ചു.
തിരക്കുനിയന്ത്രണത്തിന്റെ ഭാഗമായി ഇടത്താവളങ്ങള്‍ക്കു പുറമെ വിവിധ റോഡുകളില്‍ വാഹനങ്ങള്‍ പിടിച്ചിട്ടിരുന്നു. എന്നാല്‍ കാര്യമായ തിരക്കില്ലാതിരുന്നിട്ടും പോലീസ് വാഹനങ്ങള്‍ തടഞ്ഞെന്നായിരുന്നു അജികുമാറിന്റെ പരാതി. തര്‍ക്കത്തിനിടെ ചില തീര്‍ഥാടകവാഹനങ്ങള്‍ ബോര്‍ഡംഗം നിര്‍ബന്ധപൂര്‍വം കടത്തിവിടുകയും ചെയ്തു. ഈ നടപടിയില്‍ കടുത്ത അതൃപ്തിയിലാണു പോലീസ്. സന്നിധാനം, പമ്ബ എന്നിവിടങ്ങളിലെ തിരക്ക് കുറയ്ക്കാനാണു വാഹന നിയന്ത്രണം. പമ്ബയില്‍ ക്യാമ്ബ് ചെയ്യുന്ന ഡി.ഐ.ജി. ഉള്‍പ്പെടെയുള്ള ഉന്നത പോലീസുദ്യോഗസ്ഥരുടെ നിര്‍ദ്ദേശ പ്രകാരമാണിത്.
കാര്യമറിയാതെയുള്ള ബോര്ഡംഗത്തിന്റ പെരുമാറ്റത്തില്‍ എസ്.പി: വി. അജിത്താണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെ നേരിട്ട് അതൃപ്തി അറിയിച്ചത്. കടക്കാരില്‍നിന്നു പണം വാങ്ങിയാണ് പോലീസ് വാഹനം തടയുന്നതെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് എസ്.പി. പറഞ്ഞു. ദേവസ്വം ബോര്‍ഡും പോലീസും തമ്മിലുള്ള ശീതസമരമാണ് ശബരിമലയില്‍ തിരക്കുനിയന്ത്രണം പാളാന്‍ കാരണമെന്ന ആക്ഷേപം നിലനില്‍ക്കേയാണ് നടുറോഡിലെ പുതിയ തര്‍ക്കം.