കോന്നി : സൂപ്പർ സ്പെഷ്യാലിറ്റി നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി കോന്നി ഗവ. മെഡിക്കൽ കോളേജിൽ കൂടുതൽ തസ്തികൾ സൃഷ്ടിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചതായി അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു. സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ ആദ്യമായി 42 സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗങ്ങൾ ആരംഭിക്കുന്നതിനൊപ്പമാണ് കോന്നിയും സ്ഥാനം പിടിച്ചിരിക്കുന്നത്. സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളുടെ പ്രവർത്തനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിൽ കോന്നി മെഡിക്കൽ കോളേജിൽ 38 തസ്തികകൾ കൂടി സൃഷ്ടിക്കാനും തീരുമാനമായത് .
എമർജൻസി മെഡിസിനിലും പി എം ആർ വിഭാഗത്തിലും സൂപ്പർ
സ്പെഷ്യാലിറ്റിയും ഉൾപ്പെടെ 37 അദ്ധ്യാപക തസ്തികകളും ഒരു അനദ്ധ്യാപക തസ്തികയുമാണ് അനുവദിച്ചിരിക്കുന്നത്.
ഇത് അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന കോന്നി മെഡിക്കൽ കോളേജിന്റെ പ്രവർത്തനം കൂടുതൽ ശക്തമാക്കാൻ സഹായിക്കുമെന്ന് എം.എൽ.എ പറഞ്ഞു. 352 കോടിയുടെ വിവിധ നിർമാണ പ്രവർത്തനങ്ങളാണ് കോന്നി മെഡിക്കൽ കോളേജിൽ നടന്നുകൊണ്ടിരിക്കുന്നത്. എല്ലാവിധ അത്യാധുനിക സംവിധാനങ്ങളോടും കൂടിയആശുപത്രിയുടെ വികസന പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാണ്. രണ്ട് ബാച്ചുകളിലായി 200 എം.ബി.ബി.എസ് വിദ്യാർത്ഥികൾ ഇപ്പോൾ പഠിക്കുന്നുണ്ട്. കൂടുതൽ തസ്തികകൾ സൃഷ്ടിക്കപ്പെടുന്നതിനൊപ്പം വിദ്യാർത്ഥികളുടെ എണ്ണത്തിലും വർദ്ധനവ് വരുത്താൻ സാധിക്കും. നിലവിൽ ഒരു ബാച്ചിൽ നൂറ് വിദ്യാർത്ഥികൾക്ക് വീതമാണ് അഡ്മിഷൻ അനുവദിച്ചിരുന്നത്. കേരളത്തിലെ ഏറ്റവും മികച്ച അക്കാദമിക് സൗകര്യങ്ങളാണ് കോന്നിയിൽ ഒരുക്കിയിട്ടുള്ളത്.
Previous Article