ഇന്ത്യയിലുടനീളം ഇപ്പോള്‍ ട്രാഫിക് സിഗ്നല്‍ ക്യാമറകളും ഓട്ടോമാറ്റിക് ഫൈൻ സംവിധാനങ്ങളും ഉള്ളതിനാല്‍, ട്രാഫിക് നിയമങ്ങള്‍ തെറ്റിക്കുന്നതിനുള്ള പിഴകള്‍ നല്‍കുന്ന രീതി ഗണ്യമായി മാറിയിരിക്കുകയാണ്.
ഇന്ത്യയിലുടനീളം ഇപ്പോള്‍ ട്രാഫിക് സിഗ്നല്‍ ക്യാമറകളും ഓട്ടോമാറ്റിക് ഫൈൻ സംവിധാനങ്ങളും ഉള്ളതിനാല്‍, ട്രാഫിക് നിയമങ്ങള്‍ തെറ്റിക്കുന്നതിനുള്ള പിഴകള്‍ നല്‍കുന്ന രീതി ഗണ്യമായി മാറിയിരിക്കുകയാണ്.
നമ്മുടെ നാട്ടിലെ AI ക്യാമറകള്‍ പണികൊടുത്ത നിരവധി കേസുകളും നാം കണ്ടിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ കര്‍ണാടകയിലെ ബെംഗളൂരുവിലെ ഒരു സ്‌കൂട്ടര്‍ ഉടമയ്ക്ക് ലഭിച്ച ചലാനുകളും, പിഴയുടെ തുകയുമാണ് വാര്‍ത്തയാവുന്നത്.
3.25 ലക്ഷം രൂപയാണ് ഈ ടു വീലര്‍ ഉടമയ്ക്ക് കുടിശ്ശികയായിട്ടുള്ളത്, ഇതേ തുടര്‍ന്ന് പൊലീസ് വാഹനം പിടികൂടിയിരിക്കുകയാണ്. 2022 ഫെബ്രുവരി മുതല്‍ ഈ സ്‌കൂട്ടറിന് എതിരെ 634 ട്രാഫിക് നിയമ ലംഘനങ്ങളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. KA 04 KF 9072 എന്ന രജിസ്‌ട്രേഷനുള്ള ടിവിഎശ് സ്കൂട്ടി പെപ്+ -നായി ട്രാഫിക് ഉദ്യോഗസ്ഥര്‍ തിരച്ചില്‍ നടത്തുകയായിരുന്നു.
ഒടുവില്‍ പൊലീസ് സ്കൂട്ടര്‍ കണ്ടെത്തി. ആര്‍ടി നഗര്‍ ട്രാഫിക് പൊലീസാണ് ഈ വാഹനത്തെയും ഉടമയെയും പിടികൂടിയത്. ഈ വാഹനയുടമ നടത്തിയ എല്ലാ നിയമലംഘനങ്ങളും ഓട്ടോമാറ്റിക് ഇന്റലിജന്റ് ട്രാഫിക് മാനേജ്‌മെന്റ് സിസ്റ്റം ക്യാമറയില്‍ രേഖപ്പെടുത്തിയിട്ടുണ്ട് എന്ന് പൊലീസ് അറിയിച്ചു. ഗഗനഗര്‍ സ്വദേശിയായ മാലാ ദിനേശനാണ് വാഹനത്തിന്റെ ഉടമ.
2021 -ല്‍ സ്കൂട്ടര്‍ വാങ്ങിയതിന് ശേഷം, 2022 ഫെബ്രുവരി 23 -നാണ് ആദ്യത്തെ ട്രാഫിക് നിയമലംഘനം സിസ്റ്റത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. നിലവില്‍ 634 നിയമലംഘനങ്ങള്‍ ഇദ്ദേഹത്തിന് എതിരായിട്ടുണ്ട്, അവയെല്ലാം ഒന്നുകില്‍ ഹെല്‍മെറ്റ് ധരിക്കാത്തതിനോ അല്ലെങ്കില്‍ മൊബൈല്‍ ഫോണില്‍ സംസാരിച്ചതിനോ ആണ് എന്നത് ശ്രദ്ധേയമാണ്. 2023 ഡിസംബര്‍ 17 -നാണ് ഏറ്റവും അവസാനത്തെ ലംഘനം രേഖപ്പെടുത്തിയത്.
പെറ്റി ഇനത്തില്‍ സ്കൂട്ടര്‍ സ്വരൂപിച്ച ആകെ തുക 3.25 ലക്ഷം രൂപയാണ്, ഇത് സ്കൂട്ടറിന്റെ വിലയുടെ നാലിരട്ടിയോളം വരും എന്നതാണ് രസകരം. സ്‌കൂട്ടര്‍ ഉടമ ദിനേശ് ചലാൻ വരുന്നത് ശ്രദ്ധിക്കാതെ ആര്‍ടി നഗര്‍ വഴി പതിവായി കടന്നുപോയി. അധികൃതര്‍ വാഹനം പിടിച്ചെടുത്ത ശേഷം ചൊവ്വാഴ്ച പൊലീസ് സ്‌റ്റേഷനിലെത്തി ഇത്രയും ഭീമമായ പിഴ അടയ്‌ക്കാൻ ആവില്ലെന്നും സ്‌കൂട്ടര്‍ വിട്ടുനല്‍കണം എന്നും ഉടമ ആവശ്യപ്പെട്ടു.
എന്നാല്‍ ഈ അപേക്ഷകള്‍ നിരസിച്ച പൊലീസ് പിഴ തുക അടച്ചതിന് ശേഷം മാത്രമേ സ്‌കൂട്ടര്‍ വിട്ടുനല്‍കൂ എന്ന് അറിയിച്ചു. ഉടമയ്ക്ക് പൊലീസ് നോട്ടീസും നല്‍കിയിട്ടുണ്ട്. ഒട്ടുമിക്ക ഇന്ത്യൻ നഗരങ്ങളിലും ട്രാഫിക് നിയമലംഘനങ്ങളുടെ അളവ് വളരെ ഉയര്‍ന്നിരിക്കുകയാണ്, ഇവ കുറയ്ക്കാനുള്ള നീക്കത്തിലാണ് അധികൃതര്‍.