രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി പ്രധാനമന്ത്രി നാളെ അയോധ്യയിലെത്തും.
ലഖ്‌നൗ: രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി പ്രധാനമന്ത്രി നാളെ അയോധ്യയിലെത്തും. നിരവധി വികസന പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
അയോധ്യ വിമാനത്താവളത്തിന്റെയും പുനര്‍വികസിപ്പിച്ച അയോധ്യ റെയില്‍വേ സ്റ്റേഷന്റെയും ഉദ്ഘാടനം, പുതിയ അമൃത് ഭാരത് ട്രെയിനുകളുടെയും വന്ദേ ഭാരത് ട്രെയിനുകളുടെയും ഫ്ളാഗ് ഓഫ് കര്‍മം എന്നിവ പ്രധാനമന്ത്രി നിര്‍വഹിക്കും
അയോധ്യയിലെയും പരിസരങ്ങളിലെയും സൗകര്യങ്ങളുടെ സൗന്ദര്യവല്‍ക്കരണത്തിനും നവീകരണത്തിനും സഹായിക്കുന്ന നിരവധി പുതിയ പദ്ധതികള്‍ക്ക് തറക്കല്ലിടും. ധാം ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ നടക്കുന്ന പരിപാടിയില്‍ പ്രധാനമന്ത്രി രാജ്യത്തെ സൂപ്പര്‍ഫാസ്റ്റ് പാസഞ്ചര്‍ ട്രെയിനുകളുടെ പുതിയ വിഭാഗമായ അമൃത് ഭാരത് എക്സ്പ്രസ് ഫ്ളാഗ് ഓഫ് ചെയ്യും. ശീതികരിക്കാത്ത കോച്ചുകളുള്ള എല്‍എച്ച്‌ബി പുഷ് പുള്‍ ട്രെയിനാണ് അമൃത് ഭാരത് ട്രെയിന്‍.
ആറ് പുതിയ വന്ദേഭാരത് ട്രെയിനുകളും പ്രധാനമന്ത്രി ഫ്‌ലാഗ് ഓഫ് ചെയ്യും. മറ്റ് നിരവധി റെയില്‍വേ പദ്ധതികളും രാജ്യത്തിന് സമര്‍പ്പിക്കും. 1450 കോടിയിലധികം രൂപ ചെലവഴിച്ചാണ് അത്യാധുനിക വിമാനത്താവളത്തിന്റെ ഒന്നാം ഘട്ടം വികസിപ്പിച്ചത്. വിമാനത്താവളത്തിന്റെ ടെര്‍മിനല്‍ കെട്ടിടത്തിന് 6500 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. ഇത് പ്രതിവര്‍ഷം 10 ലക്ഷം യാത്രക്കാര്‍ക്ക് സേവനം നല്‍കും.
പൊതുപരിപാടിയില്‍ 15,700 കോടി രൂപയിലധികം മൂല്യമുള്ള വിവിധ വികസന പദ്ധതികള്‍ അദ്ദേഹം ഉദ്ഘാടനം ചെയ്യുകയും തറക്കല്ലിടുകയും ചെയ്യും. അയോധ്യയുടെയും പരിസര പ്രദേശങ്ങളുടെയും വികസനത്തിനായി ഏകദേശം 11,100 കോടി രൂപയുടെ പദ്ധതികളും ഉത്തര്‍പ്രദേശിലുടനീളമുള്ള മറ്റ് പദ്ധതികളുമായി ബന്ധപ്പെട്ട 4600 കോടി രൂപയുടെ പദ്ധതികളും ഇതില്‍ ഉള്‍പ്പെടുന്നു.