സംസ്ഥാനത്ത് വെളുത്തുള്ളി വില കുതിച്ചുയരുന്നു.
കൊച്ചി: സംസ്ഥാനത്ത് വെളുത്തുള്ളി വില കുതിച്ചുയരുന്നു. കൊച്ചിയില്‍ ഒന്നാം തരം വെളുത്തുള്ളിക്ക് (ഹൈബ്രിഡ് വെളുത്തുള്ളി) കിലോയ്ക്ക് 320 രൂപയാണ് വില.
മുമ്ബ് ഇതിന് കിലോയ്ക്ക് 120 രൂപയായിരുന്നു. വരും ദിവസങ്ങളിലും വില വര്‍ധിക്കുമെന്നാണ് വ്യാപാരികള്‍ പറയുന്നത്.
മൂന്നു വര്‍ഷത്തിനിടയില്‍ ആദ്യമായാണു വെളുത്തുള്ളി വില ഇത്രയും വര്‍ധിച്ചത്. വില വര്‍ധിച്ചതോടെ വിപണിയില്‍ വെളുത്തുള്ളിക്ക് ക്ഷാമം നേരിട്ടുതുടങ്ങി. ഇന്നും വില വര്‍ധിക്കുകയാണെങ്കില്‍ ലോഡ് എടുക്കാനാകില്ലെന്നാണ് കൊച്ചിയിലെ പച്ചക്കറി വ്യാപാരികള്‍ പറയുന്നത്.
മധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാന്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളില്‍നിന്നാണ് കേരളത്തിലെ മാര്‍ക്കറ്റിലേക്ക് വെളുത്തുള്ളി എത്തുന്നത്. അവിടെ കൃഷിനാശവും കാലം തെറ്റിയുള്ള മഴയും കൃഷിയെ ബാധിച്ചു. ഇതോടെ കേരളത്തിലേക്കുള്ള വെളുത്തുള്ളി വരവും കുറഞ്ഞിട്ടുണ്ട്. വെളുത്തുള്ളി വിലയില്‍ 60 ശതമാനത്തോളം വര്‍ധന ഉണ്ടായതായി എറണാകുളം വെജിറ്റബിള്‍ മാര്‍ക്കറ്റ് അസോസിയേഷന് സെക്രട്ടറി കെ.കെ. അഷ്റഫ് പറഞ്ഞു.
എറണാകുളം മാര്‍ക്കറ്റില്‍ ആഴ്ചയില്‍ മൂന്നു ദിവസം അഞ്ചു ടണ്‍ വെളുത്തുള്ളി എത്തിയിരുന്നിടത്ത് ഇപ്പോള്‍ പകുതി മാത്രമേ എത്തുന്നുള്ളൂവെന്ന് അഷ്റഫ് വ്യക്തമാക്കി.