തിരുവനന്തപുരം :സെക്രട്ടേറിയേറ്റ് മാര്‍ച്ചുമായി ബന്ധപ്പെട്ട അക്രമ കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലിലേക്ക്.
ഈ മാസം 22 വരെ രാഹുലിനെ റിമാന്‍ഡ് ചെയ്തു. ജാമ്യാപേക്ഷ തള്ളിയ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോതിയാണ് രാഹുലിനെ റിമാന്‍ഡ് ചെയ്തത്. പൂജപ്പുര ജയിലിലേക്ക് രാഹുലിനെ മാറ്റും. ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് പ്രതിഭാഗം അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്ന് വിശദമായ പരിശോധന നടത്താന്‍ കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് രണ്ട് തവണ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. പരിശോധനയില്‍ ഗുരുതര ആരോഗ്യപ്രശ്‌നമില്ലെന്ന് വ്യക്തമായതിനെ തുടര്‍ന്നാണ് റിമാന്‍ഡ് ചെയ്തത്.
ഇന്ന് പുലര്‍ച്ചെ അടൂരിലെത്തിയാണ് കന്റോണ്‍മെന്റ് പോലീസ് രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തത്. സെക്രട്ടേറിയേറ്റ് മാര്‍ച്ചുമായി ബന്ധപ്പെട്ടുള്ള അക്രമ കേസിലാണ് അറസ്റ്റ്. പ്രതിപക്ഷ സമരങ്ങളോടും നേതാക്കളോടും പിന്തുടരുന്ന പതിവ് രീതിയില്‍ നിന്ന് മാറി അതിരാവിലെ പോലീസ് സംഘം യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്റെ അടൂരിലെ വീട്ടിലെത്തി. പ്രദേശിക പ്രവര്‍ത്തകര്‍ പോലീസിനെ ചെറുക്കാന്‍ ശ്രമിച്ചു. തടസങ്ങള്‍ മാറ്റി അതിവേഗം പോലീസ് തലസ്ഥാനത്തേക്ക് കുതിച്ചു. സ്റ്റേഷനിലെത്തിച്ചപ്പോള്‍ മാധ്യമങ്ങളോട് സംസാരിക്കുന്നതിനും വിലക്കേര്‍പ്പെടുത്തിയിരുന്നു.
നവകേരള സദസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരെ പ്രതിഷേധിച്ച കെ.എസ്.യൂ- യുത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയേറ്റ് മാര്‍ച്ച് നടത്തിയത്. ഡിസംബര്‍ 20 ന് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിപക്ഷ നേതാവാണ് ഒന്നാം പ്രതി. എംഎല്‍എമാരായ ഷാഫി പറമ്ബിലും എം വിന്‍സന്റും രണ്ടും മൂന്നും പ്രതികളുമാണ്. ഇതിനിടെയാണ് നാലാം പ്രതിയായ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനെതിരായ പോലീസ് നടപടി. അനുമതിയില്ലാത്ത സമരം , പൊതുമുതല്‍ നശിപ്പിക്കല്‍, കൃത്യനിര്‍വ്വഹണത്തില്‍ തടസം വരുത്തല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുളളത്.