തിരുവനന്തപുരം: കോഴിക്കോട് ഡി.സി.ആര്.ബി. ഡിവൈഎസ്പി ശ്രീജിത്തിന് സസ്പെന്ഷന്. കടുത്ത മവോവാദി ഭീഷണിയുള്ള പ്രദേശത്തുകൂടി കോടിക്കണക്കിന് രൂപ യാതൊരു വിധ സുരക്ഷയുമില്ലാതെ സിവില്‍ വേഷത്തില്‍ കൊണ്ട് പോയത് നേരത്തെ വിവാദമായിരുന്നു. തുടര്‍ന്ന് സംസ്ഥാന ഇന്റലിജന്‍സ് അന്വേഷണം നടത്തുകയും ഗുരുതരമായ വീഴ്ച ശ്രീജിത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായതായി ഡി.ജി.പിയ്ക്ക് റിപ്പോര്‍ട്ട് നല്കി. തുടര്‍ന്ന് ഡി.ജി.പി ഷേക്ക് ദര്‍വേഷ് സാഹിബ് നേരിട്ട് ഇയാളെ സസ്പെന്റു ചെയ്യുകയായിരുന്നു .
യൂണിയന് ബാങ്കിന്റെ മങ്കാവ് കറന്‍സി ചെസ്റ്റില്‍ നിന്നും ഹൈദരാബാദ് നരായണ്‍ഗുഡ കറന്‍സി ചെസ്റ്റിലേക്ക് 750 കോടി രൂപ കൊണ്ടുപോകുന്നതിന് നിയോഗിക്കപ്പെട്ട പോലീസ് ബന്തവസ്സ പാര്‍ട്ടിയുടെ കമാണ്ടറായി ചുമതലയുണ്ടായിരുന്നത് ഡിവൈഎസ്പി ശ്രീജിത്ത്. കോഴിക്കോട് നിന്നും ഹൈദരാബാദിലേക്കുളള വഴി വിജനവും മാവോയിസ്റ്റ് സാന്നിധ്യമുളളതായിരിക്കുമെന്നും എസ്കോര്‍ട്ട് ടീം ആയുധ സന്നധരായിരിക്കണമെന്നുമുളള ആര്‍ബിഐയുടെ നിര്‍ദ്ദേശം അവഗണിച്ച് യൂണിഫോം ധരിക്കാതെ സ്വയം ഏര്‍പ്പെടാക്കിയ ഇന്നോവ വാഹനത്തില്‍ സഞ്ചരിച്ചുവെന്നതുമാണ് ശ്രീജിത്തിന്റെ ഭാഗത്തുണ്ടായ വീഴ്ച. ഈ വീഴ്ചകള്‍ വിശദമായി അന്വേഷിച്ച് മാതൃകാപരമായ ശിക്ഷ നല്‍കണമെന്ന സ്പെഷ്യല്‍ ടീം റിപ്പോര്‍ട്ടും ഡിജിപിക്ക് ലഭിച്ചിട്ടുണ്ട്.