ഗുജറാത്തില്‍ ബോട്ട്‌ മറിഞ്ഞ്‌ 14 വിദ്യാര്‍ഥികളടക്കം 16 മരണം

January 19, 2024
12
Views

ഗുജറാത്തിലെ വഡോദരയില്‍ ഹര്‍ണി തടാകത്തില്‍ ബോട്ട്‌ മറിഞ്ഞ്‌ 14 വിദ്യാര്‍ഥികള്‍ക്കും രണ്ട്‌ അധ്യാപകര്‍ക്കും ദാരുണാന്ത്യം.

ഗാന്ധിനഗര്‍: ഗുജറാത്തിലെ വഡോദരയില്‍ ഹര്‍ണി തടാകത്തില്‍ ബോട്ട്‌ മറിഞ്ഞ്‌ 14 വിദ്യാര്‍ഥികള്‍ക്കും രണ്ട്‌ അധ്യാപകര്‍ക്കും ദാരുണാന്ത്യം.

സ്‌കൂളില്‍നിന്ന്‌ വിനോദയാത്രയ്‌ക്കെത്തിയ 27 അംഗസംഘം യാത്രചെയ്‌ത ബോട്ടാണ്‌ അപകടത്തില്‍ പെട്ടത്‌. ദേശീയ ദുരന്ത നിവാരണ സേനയാണു തിരച്ചിലിന്‌ നേതൃത്വത്തില്‍ രാത്രി വൈകിയും തടാകത്തില്‍ തിരച്ചില്‍ തുടര്‍ന്നു. രക്ഷപെടുത്തിയവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ന്യൂ സണ്‍റൈസ്‌ എന്ന സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ഥികളും അധ്യാപകരുമാണ്‌ അപകടത്തില്‍പെട്ടത്‌. 16 പേര്‍ക്ക്‌ കയറാന്‍ കഴിയുന്ന ബോട്ടില്‍ 27 പേര്‍ ഉണ്ടായിരുന്നു.
വിദ്യാര്‍ഥികള്‍ ലൈഫ്‌ ജാക്കറ്റ്‌ ധരിച്ചിരുന്നില്ലെന്നും വിവരമുണ്ട്‌. അപകടത്തിനു പിന്നാലെ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. എന്‍.ഡി.ആര്‍.എഫിനൊപ്പം അഗ്‌നിരക്ഷാ സേനയും തിരച്ചിലിനുണ്ട്‌.
മരിച്ചവരുടെ കുടുംബത്തിന്‍റെ ദുഃഖത്തില്‍ പങ്കുചേരുന്നതായി പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു. മരിച്ചവരുടെ ബന്ധുക്കള്‍ക്ക്‌ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന്‌ 2 ലക്ഷം രൂപ വീതം നല്‍കും. ചികില്‍സയില്‍ കഴിയുന്നവര്‍ക്ക്‌ 50,000 രൂപ വീതവും ലഭ്യമാക്കും.
ഗുജറാത്ത്‌ മുഖ്യമന്ത്രി ഭുപേന്ദ്ര പട്ടേലും ദുഃഖം രേഖപ്പെടുത്തി. ആശുപത്രിയിലുള്ളവര്‍ക്ക്‌ എല്ലാവിധ ചികില്‍സാ സൗകര്യങ്ങളും ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം വ്യക്‌തമാക്കി. മരിച്ചവരുടെ കുടുംബത്തിന്‌ 4 ലക്ഷംരൂപ വീതവും ചികില്‍സയിലുള്ളവര്‍ക്ക്‌ 50,000 രൂപ വീതവും സംസ്‌ഥാന സര്‍ക്കാര്‍ നല്‍കും.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *