ശബരിമല നട ഇന്ന്‌ അടയ്‌ക്കും , ആകെ വരുമാനം 357.47 കോടി, 10 കോടിയുടെ വര്‍ധന

January 21, 2024
58
Views

മണ്ഡല-മകരവിളക്ക്‌ കാലയളവില്‍ ഇക്കൊല്ലം ശബരിമലയില്‍ ലഭിച്ച ആകെ വരുമാനം 357.47 കോടി

ശബരിമല: മണ്ഡല-മകരവിളക്ക്‌ കാലയളവില്‍ ഇക്കൊല്ലം ശബരിമലയില്‍ ലഭിച്ച ആകെ വരുമാനം 357.47 കോടി രൂപയാണെന്ന്‌ (357,47,71,909 രൂപ) ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റ്‌ പി.

എസ്‌. പ്രശാന്ത്‌ അറിയിച്ചു. കഴിഞ്ഞവര്‍ഷം ഇത്‌ 347.12 കോടി രൂപയായിരുന്നു (347,12,16,884 രൂപ). ഇക്കുറി 10.35 കോടിയുടെ വര്‍ധനവുണ്ടായി.
അരവണ വിറ്റ്‌ 146,99,37,700 രൂപയും അപ്പം വിറ്റ്‌ 17,64,77,795 രൂപയും ലഭിച്ചു. കാണിക്ക ഇനിയും എണ്ണിക്കഴിഞ്ഞിട്ടില്ല. ഇതില്‍നിന്നുള്ള വരുമാനം 10 കോടിയെങ്കിലും ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായി പ്രസിഡന്റ്‌ അറിയിച്ചു. ഭക്‌തരുടെ എണ്ണത്തിലും വര്‍ധനയുണ്ടായി. 50 ലക്ഷം (50,06412) പേരാണ്‌ ഇത്തവണ ശബരിമലയിലെത്തിയത്‌. കഴിഞ്ഞ വര്‍ഷം ഇത്‌ 44 ലക്ഷമായിരുന്നു (44,16,219). അഞ്ചുലക്ഷം പേരാണ്‌ ഇത്തവണ അധികമായി വന്നത്‌.
മകരവിളക്ക്‌ ഉത്സവത്തിന്റെ ചടങ്ങുകള്‍ പൂര്‍ത്തിയാക്കി ശബരിമല ക്ഷേത്രനട ഇന്നു പുലര്‍ച്ചെ അടയ്‌ക്കും. ഇന്നലെ രാത്രി 10 ന്‌ നടയടച്ചശേഷം മാളികപ്പുറത്ത്‌ ഗുരുതി നടന്നു. അഞ്ചുനാള്‍ നീണ്ട മകരവിളക്ക്‌ ഉത്സവത്തിന്റെ ഭാഗമായി വെള്ളിയാഴ്‌ച രാത്രി തീവെട്ടികളുടെ ദീപപ്രഭയില്‍ മാളികപ്പുറത്തുനിന്നു ശരംകുത്തിയിലേക്ക്‌ അയ്യപ്പന്‍ വാദ്യമേളങ്ങളോടെ എഴുന്നള്ളി. മകരവിളക്ക്‌ മുതല്‍ നാലുദിവസം മാളികപ്പുറത്തുനിന്ന്‌ പതിനെട്ടാം പടിയിലേക്കായിരുന്നു എഴുന്നള്ളത്ത്‌. അഞ്ചാം ദിനമാണ്‌ ശരംകുത്തിയിലേക്ക്‌ എഴുന്നള്ളിയത്‌. കളമെഴുത്തു കഴിഞ്ഞ്‌ അത്താഴപൂജയ്‌ക്കുശേഷം തിരുവാഭരണപ്പെട്ടിയിലെ കൊമ്ബന്‍മീശയോടു കൂടിയ തിരുമുഖത്തിടമ്ബുമായാണ്‌ മാളികപ്പുറത്തുനിന്ന്‌ എഴുന്നള്ളിപ്പ്‌ നടന്നത്‌.
ശരംകുത്തിയില്‍ ചെന്നു നായാട്ടുവിളി നടത്തിയശേഷം അയ്യപ്പന്‍ മണിമണ്ഡപത്തിലേക്കു മടങ്ങി. തീവെട്ടികളെല്ലാം അണച്ച്‌ വാദ്യമേളങ്ങളില്ലാതെ നിശ്ശബദ്‌മായാണു മടക്കം. ശരംകുത്തിയില്‍ നിന്നുള്ള എഴുന്നള്ളിപ്പില്‍ ഭൂതഗണങ്ങളും മലദൈവങ്ങളും അനുഗമിക്കുന്നുവെന്നാണു വിശ്വാസം. അതുകൊണ്ടാണ്‌ മേളങ്ങളും വിളക്കുകളുമില്ലാത്തത്‌.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *