കൊച്ചി: വിദ്യാർത്ഥി സംഘർഷത്തെത്തുടർന്ന് അടച്ചിട്ട മഹാരാജാസ് കോളേജ് ഇന്ന് തുറക്കും. വിദ്യാർഥി സംഘടനകളുമായി കോളജ് അധികൃതരും പൊലീസും നടത്തിയ ചർച്ചയിലാണ് തീരുമാനം.
ക്യാംപസിലെ പൊലീസ് സാന്നിധ്യം തത്കാലം തുടരും. ആറ് മണിക്ക് ശേഷം ആരെയും ക്യാംപസില്‍ അനുവദിക്കില്ല. സംഘർഷം ആവർത്തിക്കാതിരിക്കാനുള്ള നടപടികള്‍ നിർദേശിക്കാനും ക്യാംപസില്‍ അച്ചടക്കം ഉറപ്പു വരുത്താനും സമിതിയെ നിയോഗിക്കാനും വിദ്യാർത്ഥി സംഘടനകളുടെ പ്രതിനിധികളുടെ യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്.
കെഎസ്‌യു, എസ്‌എഫ്‌ഐ, ഫ്രറ്റേണിറ്റി പ്രവർത്തർ തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന് കഴിഞ്ഞ വ്യാഴാഴ്ചയാണ് കോളജും ഹോസ്റ്റലും അനിശ്ചിതകാലത്തേക്ക് അടച്ചത്. സംഘർഷത്തില്‍ എസ്‌എഫ്‌ഐ യൂണിറ്റ് സെക്രട്ടറി അബ്ദുല്‍ നാസിറിന് കുത്തേറ്റിരുന്നു. ബുധനാഴ്ച അർധരാത്രിയോടെയാണ് സംഭവം.