സിവില്‍ കോഡും പൗരത്വ നിയമവും ചര്‍ച്ചയില്‍: ഒരാഴ്ചക്കകം നടപ്പാക്കുമെന്ന് കേന്ദ്രമന്ത്രി

January 30, 2024
16
Views

അയോധ്യയിലെ പ്രാണപ്രതിഷ്ഠക്ക് പിന്നാലെ ഏക സിവില്‍ കോഡ്, പൗരത്വ ഭേദഗതി നിയമം എന്നീ അജണ്ടകള്‍ സജീവമാക്കി ബി.ജെ.പി.

ന്യൂഡല്‍ഹി: അയോധ്യയിലെ പ്രാണപ്രതിഷ്ഠക്ക് പിന്നാലെ ഏക സിവില്‍ കോഡ്, പൗരത്വ ഭേദഗതി നിയമം എന്നീ അജണ്ടകള്‍ സജീവമാക്കി ബി.ജെ.പി.

പൗരത്വ ഭേദഗതി നിയമം ഒരാഴ്ചക്കകം നടപ്പാക്കുമെന്ന് കേന്ദ്രമന്ത്രി ശന്തനു ഠാകുറാണ് വെളിപ്പെടുത്തിയത്. ഉത്തരാഖണ്ഡില്‍ ഏക സിവില്‍ കോഡ് നടപ്പാക്കാനുള്ള ബില്‍ ഫെബ്രുവരി ആദ്യവാരം നിയമസഭയില്‍ വെക്കുമെന്ന് മുഖ്യമന്ത്രി പുഷ്കർസിങ് ധാമിയും അറിയിച്ചു.

ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ ആഴ്ചകള്‍മാത്രം ബാക്കിനില്‍ക്കേയാണ്, ബി.ജെ.പിയുടെ വിവാദ അജണ്ടകളില്‍ ബാക്കി നില്‍ക്കുന്ന രണ്ട് പ്രധാന ഇനങ്ങള്‍കൂടി ഉത്തരവാദപ്പെട്ട പദവികള്‍ വഹിക്കുന്നവരിലൂടെ ചർച്ചയിലേക്ക് കൊണ്ടുവരുന്നത്. രാമക്ഷേത്രത്തിന്‍റെ പണി പൂർത്തിയായിട്ടില്ലെങ്കിലും പ്രാണപ്രതിഷ്ഠ നടത്തിയത് ഹിന്ദുത്വ വികാരം ശക്തിപ്പെടുത്താൻ മുതല്‍ക്കൂട്ടായെന്ന് വിലയിരുത്തിയാണ്, പുതിയ അജണ്ടകള്‍കൂടി പുറത്തെടുക്കുന്നത്.

അഖിലേന്ത്യ തലത്തില്‍ ഏക സിവില്‍ കോഡ് കൊണ്ടുവരാനുള്ള ബി.ജെ.പി പദ്ധതിക്കിടയില്‍ ഇതിനായി ആദ്യം നടപടി മുന്നോട്ടുനീക്കിയത് ബി.ജെ.പി ഭരിക്കുന്ന ഉത്തരാഖണ്ഡാണ്. സിവില്‍ കോഡ് നടപ്പാക്കുന്നതിനെക്കുറിച്ച്‌ പഠിക്കാൻ നിയോഗിച്ച ജസ്റ്റിസ് രഞ്ജന ദേശായിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ വിദഗ്ധ സമിതി കരട് റിപ്പോർട്ട് ഫെബ്രുവരി മൂന്നിന് സമർപ്പിക്കുമെന്ന് മുഖ്യമന്ത്രി പുഷ്കർസിങ് ധാമി പറഞ്ഞു. തുടർന്ന് ബില്‍ തയാറാക്കി മന്ത്രിസഭ യോഗത്തിന്‍റെ അനുമതിയോടെ നിയമസഭയില്‍ വെക്കും. സിവില്‍ കോഡ് ചർച്ചചെയ്യാൻ ഫെബ്രുവരി അഞ്ചിന് നിയമസഭയുടെ ഏകദിന പ്രത്യേക സമ്മേളനം വിളിച്ചിട്ടുണ്ട്.

പശ്ചിമ ബംഗാളില്‍ ഒരു പൊതുപരിപാടിയില്‍ സംസാരിക്കുമ്ബോഴാണ് പൗരത്വ ഭേദഗതി നിയമം ഒരാഴ്ചക്കകം നടപ്പാക്കുമെന്ന് കേന്ദ്രമന്ത്രി ശന്തനു ഠാകുർ പറഞ്ഞത്. ‘ഇത് എന്‍റെ ഗാരന്റി’യാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു. ഒൻപതു ദിവസത്തെ പാർലമെന്‍റ് സമ്മേളനം ബുധനാഴ്ച തുടങ്ങാനിരിക്കേയാണ് മന്ത്രിയുടെ വെളിപ്പെടുത്തല്‍. പൗരത്വ നിയമം 2019ല്‍ ഭേദഗതി ചെയ്തെങ്കിലും നടപ്പാക്കാനുള്ള ചട്ടങ്ങള്‍ കേന്ദ്രം മുന്നോട്ടുവെച്ചിട്ടില്ല. എന്നാല്‍, നടപ്പാക്കാനുള്ള സർക്കാർ നീക്കത്തെക്കുറിച്ച്‌ ഏതാനും ദിവസം മുമ്ബ് ആഭ്യന്തര മന്ത്രി അമിത് ഷായും സൂചിപ്പിച്ചിരുന്നു.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *