ഇരുചക്രവാഹനങ്ങളില്‍ പോകുന്ന സ്ത്രീകളുടെ മാലപൊട്ടിച്ച കേസില്‍ പോലീസുകാരനെ അറസ്റ്റ് ചെയ്തു.
കോയമ്ബത്തൂർ: ഇരുചക്രവാഹനങ്ങളില്‍ പോകുന്ന സ്ത്രീകളുടെ മാലപൊട്ടിച്ച കേസില്‍ പോലീസുകാരനെ അറസ്റ്റ് ചെയ്തു. കോയമ്ബത്തൂർ ചെട്ടിപാളയം പോലീസ് സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിള്‍ ശബരിഗിരിയാണ് (41) അറസ്റ്റിലായത്.
പൊള്ളാച്ചി മാക്കിനംപട്ടി സ്വദേശിയായ ശബരിഗിരി ഇപ്പോള്‍ ലീവിലാണ്.
മാക്കിനംപട്ടിയിലും പറമ്ബിക്കുളം ആളിയാർപദ്ധതി ഓഫീസിന് സമീപവും സ്കൂട്ടറില്‍ പോവുകയായിരുന്ന യുവതികളുടെ മാലപൊട്ടിച്ച കേസുകളിലാണ് അറസ്റ്റെന്ന് പറയുന്നു.
രണ്ട് സംഭവത്തിലും മാലപൊട്ടിക്കുന്നതിനിടെ താഴെവീണ യുവതികള്‍ക്ക് ഗുരുതര പരിക്കേറ്റിരുന്നു. യുവതികള്‍ നല്‍കിയ പരാതിയില്‍ ജില്ലാ പോലീസ് മേധാവി വി. ഭദ്രിനാരായണന്റെ നിർദേശപ്രകാരം ഡിവൈ.എസ്.പി. ജയചന്ദ്രന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘത്തിന് രൂപംനല്‍കിയിരുന്നു.
സംഘം മോഷണംനടന്ന ഭാഗങ്ങളിലെയും റോഡുകളിലെയും സി.സി.ടി.വി. ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പോലീസുകാരനെ പിടിക്കാനായതെന്ന് അന്വേഷണസംഘം പറഞ്ഞു.
ചെട്ടിപാളയത്ത് ഒരു സ്ത്രീയുടെ രണ്ടുപവൻ മാല പൊട്ടിച്ചതും ഈ പോലീസുകാരനാണെന്ന് പറയുന്നു. മോഷണവസ്തുക്കള്‍ വീട്ടിലേക്ക് കൊണ്ടുവരാതെ പുറത്ത് ഒളിപ്പിച്ചിരിക്കയായിരുന്നു. പ്രതിയില്‍നിന്നും എട്ടുപവൻ മാല കണ്ടെടുത്തു.
കടം ഉണ്ടായിരുന്നത് വീട്ടാനാണ് മോഷണം ആസൂത്രണംചെയ്തതെന്ന് പ്രതി മൊഴി നല്‍കിയതായി പോലീസ് വ്യക്തമാക്കി. കൂടുതല്‍ കേസുകളില്‍ പങ്കെടുത്തിട്ടുണ്ടോ എന്നത് പോലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്. മോഷണത്തിനുപയോഗിച്ച മോട്ടോർസൈക്കിളും മറ്റും പോലീസ് കസ്റ്റഡിയിലെടുത്തു.