ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനമായ ഉത്തരാഖണ്ഡ് ഏക സിവില്‍ കോഡ് ബില്‍ പാസാക്കി.
ഡറാഡൂണ്‍: ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനമായ ഉത്തരാഖണ്ഡ് ഏക സിവില്‍ കോഡ് ബില്‍ പാസാക്കി. രാജ്യത്ത് യു.യു.സി ബില്‍ പാസാക്കുന്ന ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ്.
വിവാഹം, വിവാഹമോചനം, ഭൂമി, സ്വത്തുക്കള്‍, പിന്തുടർച്ചാവകാശം എന്നിവയില്‍ എല്ലാ പൗരൻമാർക്കും മതഭേദമില്ലാതെ ഒരേ നിയമം വ്യവസ്ഥ ചെയ്യുന്ന ഏക സിവില്‍ കോഡ് ബില്‍ ചൊവ്വാഴ്ചയാണ് സർക്കാർ നിയമസഭയില്‍ അവതരിപ്പിച്ചത്. രാജ്യമാകെ നടപ്പാക്കുമെന്ന് ബി.ജെ.പി പ്രഖ്യാപിച്ച ഏക സിവില്‍ കോഡിന്റെ ആദ്യ പരീക്ഷണമാണ് ഉത്തരാഖണ്ഡിലേത്.
ഇതോടെ ബി.ജെ.പി ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളും വരുംദിവസങ്ങളില്‍ ബില്‍ അവതരിപ്പിച്ചേക്കും. അടുത്ത നിയമസഭ സമ്മേളനത്തില്‍ യു.യു.സി ബില്‍ അവതരിപ്പിക്കുമെന്ന് രാജസ്ഥാൻ സർക്കാർ അറിയിച്ചിരുന്നു. ‘ഇന്ന് ഉത്തരാഖണ്ഡിനെ സംബന്ധിച്ചിടത്തോളം സുപ്രധാന ദിവസമാണ്. രാജ്യത്തെ ആളുകള്‍ വളരെക്കാലമായി ആവശ്യപ്പെടുന്ന ഒരു ബില്‍ ഞങ്ങള്‍ പാസാക്കി, ബില്‍ ആദ്യം പാസാക്കുന്ന സംസ്ഥാനമായി ഉത്തരാഖണ്ഡ്. ഞങ്ങള്‍ക്ക് അധികാരത്തില്‍ വരാനും ബില്‍ പാസാക്കാനും അവസരം നല്കിയ എല്ലാ എം.എല്‍.എമാർക്കും ഉത്തരാഖണ്ഡിലെ ജനങ്ങള്‍ക്കും നന്ദി പറയാൻ ആഗ്രഹിക്കുന്നു’ -മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഗവർണർ ഒപ്പുവെക്കുന്നതോടെ സംസ്ഥാനത്ത് ഏക സിവില്‍ കോഡ് നിയമമാകും. മുസ്ലിം സ്ത്രീകള്‍ ഉള്‍പ്പെടെ എല്ലാവർക്കും ദത്തവകാശം ഉറപ്പുനല്‍കുന്ന ബില്‍, വിവാഹമോചനം നേടുകയോ ഭർത്താവ് മരിക്കുകയോ ചെയ്ത മുസ്ലിം സ്ത്രീകള്‍ അനുഷ്ഠിക്കുന്ന നികാഹ് ഹലാല (ചടങ്ങുകല്യാണം), ഇദ്ദ എന്നിവയും ബഹുഭാര്യത്വവും നിരോധിക്കാനും വ്യവസ്ഥചെയ്യുന്നു. പോർച്ചുഗീസ് ഭരണം മുതല്‍ ഗോവയില്‍ സമാന നിയമം നിലവിലുണ്ട്.
ബില്‍ പ്രകാരം വിവാഹവും ലിവ് ഇൻ ബന്ധങ്ങളും രജിസ്റ്റർ ചെയ്യുന്നത് നിർബന്ധമാണ്. വിവാഹം കഴിക്കാതെ ഒരുമിച്ച് താമസിക്കുന്നവർ (ലിവ് ഇൻ ബന്ധം) ഒരു മാസത്തിനകം തങ്ങളുടെ താമസ പരിധിയിലുള്ള രജിസ്ട്രാർക്ക് നിശ്ചിത ഫോറത്തില്‍ അപേക്ഷ സമർപ്പിക്കണം.
ഒരുമിച്ച് കഴിയുന്നവരില്‍ ഒരാള്‍ പ്രായപൂർത്തി ആകാത്തയാളാണെങ്കില്‍ രജിസ്ട്രേഷൻ അനുവദിക്കില്ല. നിർബന്ധിച്ചോ തെറ്റിദ്ധരിപ്പിച്ചോ അന്യായമായ സ്വാധീനം ചെലുത്തിയോ ആണ് പങ്കാളിയുടെ സമ്മതം വാങ്ങിയതെങ്കില്‍ അത്തരം ബന്ധവും രജിസ്റ്റർ ചെയ്യില്ല. രജിസ്ട്രേഷൻ നടത്താതെ ഒരു മാസത്തിലധികം ഒരുമിച്ച് കഴിഞ്ഞാല്‍ മൂന്നു മാസം വരെ തടവോ 10,000 രൂപവരെ പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാം. ലിവ് ഇൻ ബന്ധത്തിലെ പങ്കാളി ഉപേക്ഷിച്ച് പോവുകയാണെങ്കില്‍ സ്ത്രീക്ക് ജീവനാംശം തേടി കോടതിയെ സമീപിക്കാം. ഇത്തരം ബന്ധത്തില്‍ ജനിക്കുന്ന കുട്ടിക്ക് നിയമപരമായ എല്ലാ അവകാശങ്ങളുമുണ്ടാകും.
സാധാരണ വിവാഹങ്ങള്‍ 60 ദിവസത്തിനകം രജിസ്റ്റർ ചെയ്യണമെന്ന് ബില്‍ വ്യവസ്ഥ ചെയ്യുന്നു. അല്ലാത്തപക്ഷം 20,000 രൂപവരെ പിഴ ചുമത്തും. 2010 മാർച്ച് 26നുശേഷമുള്ള എല്ലാ വിവാഹങ്ങളും ആറുമാസത്തിനകം രജിസ്റ്റർ ചെയ്യണം. അതേസമയം, രജിസ്റ്റർ ചെയ്യാത്ത കാരണത്താല്‍ വിവാഹം അസാധുവാകില്ലെന്നും ബില്‍ വ്യക്തമാക്കുന്നു.
പ്രതീകാത്മക നടപടിയായി ഭരണഘടനയുടെ ആദ്യ പതിപ്പുമായി നിയമസഭയില്‍ എത്തിയ മുഖ്യമന്ത്രി പുഷ്കർ സിങ് ധാമിയാണ് ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചത്. ‘ഭാരത് മാതാ കീ ജയ്’, ‘വന്ദേ മാതരം’, ജയ് ശ്രീ റാം’വിളികളോടെയാണ് ഭരണപക്ഷം ബില്‍ അവതരണത്തെ സ്വീകരിച്ചത്. ഉത്തരാഖണ്ഡില്‍ താമസിക്കുന്നവർക്കും സംസ്ഥാനത്തിനു പുറത്ത് താമസിക്കുന്ന ഉത്തരാഖണ്ഡ് സ്വദേശികള്‍ക്കും നിയമം ബാധകമായിരിക്കും.