ഓണ്‍ലൈൻ ഗെയിം കാരണം ലക്ഷങ്ങളുടെ കടം; യുപിയില്‍ മാതാവിന്റെ പോളിസി തുക തട്ടാൻ കഴുത്തുഞെരിച്ച്‌ കൊലപ്പെടുത്തി മകൻ

February 26, 2024
6
Views

ലക്‌നൗ: ഓണ്‍ലൈൻ ഗെയിമില്‍ നിന്നുണ്ടായ കടം തീർക്കാൻ മാതാവിനെ കൊലപ്പെടുത്തി മകൻ. ഉത്തർപ്രദേശിലെ ഫത്തേപുരിലാണ് സംഭവം.

മാതാവിന്റെ പേരിലുള്ള ഇൻഷുറൻസ് തുക തട്ടിയെടുക്കാനാണ് കൊല നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ഫത്തേപുർ സ്വദേശിനി പ്രഭയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മകൻ ഹിമാൻഷു അറസ്റ്റിലായി.

പ്രഭയുടെ പേരിലുള്ള ഇൻഷുറൻസ് തുകയായ 50 ലക്ഷം രൂപ തട്ടിയെടുക്കാനായിരുന്നു ഹിമാൻഷുവിന്റെ നീക്കം. സുപി എന്ന ഓണ്‍ലൈൻ ഗെയിമിംഗ് പ്ളാറ്റ്‌ഫോമിന് അടിമയായിരുന്നു ഹിമാൻഷു. ഗെയിം കളിക്കുന്നതിനായി ഇയാള്‍ വലിയൊരു തുക പലരില്‍ നിന്നായി കടം വാങ്ങിയിരുന്നു. ഇത്തരത്തില്‍ കടം നാല് ലക്ഷത്തോളമായി. തുടർന്നാണ് കടം വീട്ടാനായി ഇൻഷുറൻസ് തുക കൈക്കലാക്കാൻ ഇയാള്‍ തീരുമാനിക്കുന്നത്.

ഇതിനായി ആദ്യം ഹിമാൻഷു ബന്ധുവിന്റെ സ്വർണാഭരണങ്ങള്‍ കവരുകയും ഇത് വിറ്റുകിട്ടിയ പണം ഉപയോഗിച്ച്‌ മാതാപിതാക്കളുടെ പേരില്‍ 50 ലക്ഷത്തിന്റെ ഇൻഷുറൻസ് പോളിസി ആരംഭിക്കുകയും ചെയ്തു. ശേഷം വീട്ടില്‍ പിതാവില്ലാതിരുന്ന സമയത്ത് മാതാവിനെ കഴുത്തുഞെരിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു. പിന്നാലെ മൃതദേഹം ചാക്കിലാക്കി യമുന നദിയില്‍ ഉപേക്ഷിക്കുകയും ചെയ്തു.

ഹിമാൻഷുവിന്റെ പിതാവ് തിരികെയെത്തിയപ്പോള്‍ ഭാര്യയെയും മകനെയും തിരക്കിയെങ്കിലും ഒരു വിവരവും ലഭിച്ചില്ല. ഹിമാൻഷു നദിക്കരയില്‍ ട്രാക്‌ടറില്‍ ഇരിക്കുന്നത് കണ്ടതായി ഒരു അയല്‍ക്കാരനാണ് അറിയിച്ചത്. തുടർന്ന് പൊലീസിനെ അറിയിക്കുകയും പിന്നാലെ നടത്തിയ അന്വേഷണത്തില്‍ പ്രഭയുടെ മൃതദേഹം നദിയില്‍ നിന്ന് കണ്ടെടുക്കുകയുമായിരുന്നു. ഓണ്‍ലൈൻ ഗെയിമില്‍ നിന്നുള്ള കടം വീട്ടാനായി മാതാവിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഹിമാൻഷു പൊലീസിനോട് സമ്മതിച്ചു.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *