ശ്രീനാരായണ ഗുരുദേവൻ ശിവപ്രതിഷ്ഠ നടത്തിയ അരുവിപ്പുറം ക്ഷേത്രത്തിലെ 136-ാ മത് പ്രതിഷ്ഠാവാർഷികവും മഹാശിവരാത്രി ആഘോഷവും ഇന്ന് ആരംഭിക്കും.
ശ്രീനാരായണ ഗുരുദേവൻ ശിവപ്രതിഷ്ഠ നടത്തിയ അരുവിപ്പുറം ക്ഷേത്രത്തിലെ 136-ാ മത് പ്രതിഷ്ഠാവാർഷികവും മഹാശിവരാത്രി ആഘോഷവും ഇന്ന് ആരംഭിക്കും.
പ്രതിഷ്ഠാവാർഷിക സമ്മേളനം വൈകിട്ട് 6.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷനാകും.
മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസ്, ജെ.ചിഞ്ചുറാണി, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, ശശി തരൂർ എം.പി, കേരളകൗമുദി ചീഫ് എഡിറ്റർ ദീപു രവി, സി.കെ.ഹരീന്ദ്രൻ എം.എല്‍.എ, പി.കെ.കൃഷ്ണദാസ് എന്നിവർ വിശിഷ്ടാതിഥികളായിരിക്കും.
മാർച്ച് 8ന് രാലിലെ 11ന് സർവ്വമത സമ്മേളന ശതാബ്ദി ആഘോഷം ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ ഉദ്ഘാടനം ചെയ്യും. സ്വാമി വിശാലാനന്ദ അദ്ധ്യക്ഷത വഹിക്കും. വൈകിട്ട് 6.30ന് മഹാശിവരാത്രി സമ്മേളനം കേന്ദ്രമന്ത്രി വി.മുരളീധരൻ ഉദ്ഘാടനം ചെയ്യും. മന്ത്രി കെ.എൻ.ബാലഗോപാല്‍ അദ്ധ്യക്ഷത വഹിക്കും. മന്ത്രി വി.ശിവൻകുട്ടി മുഖ്യാതിഥിയായിരിക്കും.
തിരുവനന്തപുരം ജില്ലയിലാണ് അരുവിപ്പുറം ശിവ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ശ്രീനാരയണഗുരു പ്രതിഷ്ഠ നടത്തിയ ഈ ക്ഷേത്രം കേരളത്തിലെ തന്നെ പ്രശസ്തമായ തീർത്ഥാടന കേന്ദ്രമായി മാറി. ഇവിടുത്തെ ശിവരാത്രി ആഘോഷം വളരെ പ്രശസ്തമാണ്. നെയ്യാർ നദിയില്‍ പണ്ടുകാലത്ത് അരുവിപ്പുറം ഭാഗത്ത് ഒരു വെള്ളച്ചാട്ടം ഉണ്ടായിരുന്നു. ഇതില്‍ നിന്നാണ് അരുവിപ്പുറത്തിന് ആ പേര് ലഭിച്ചത് എന്നാണ് അനുമാനം
പ്രശസ്തമായ നെയ്യാർ നദിയുടെ തീരത്താണ് അരുവിപ്പുറം സ്ഥിതി ചെയ്യുന്നത്. തിരുവനന്തപുരത്ത് നിന്ന് 22 കിലോമീറ്റർ അകലെയായാണ് ഈ സ്ഥലം. മൂന്ന് കിലോമീറ്റർ അകലെയുള്ള നെയ്യാറ്റിൻകരയാണ് അരുവിപ്പുറത്തിന് സമീപത്തുള്ള ഏറ്റവും പ്രധാനപ്പെട്ട ടൗണ്‍.
1888ല്‍ ആയിരുന്നു അരുവിക്കരയില്‍ ശ്രീനാരയണഗുരു വിപ്ലവകരമായ പ്രതിഷ്ഠ നടത്തിയത്. നെയ്യാർ നദിയില്‍ മുങ്ങിയ ഗുരു, നദിയില്‍ നിന്ന് ഒരു കല്ലെടുത്ത് കൊണ്ടുവന്ന് ശിവലിംഗമായി പ്രതിഷ്ഠിച്ചു എന്നാണ് പറയപ്പെടുന്നത്.
ശ്രീനാരയണഗുരു 1888ല്‍ അരുവിപ്പുറത്ത് നടത്തിയ ശിവ പ്രതിഷ്ഠയെ പലരും പലതരത്തിലാണ് വ്യാഖ്യാനിച്ചിരിക്കുന്നത്. അതില്‍ ഒന്നാണ് “ഈഴവ ശിവൻ” എന്ന പ്രയോഗം. ബ്രഹ്മണൻ അല്ലാത്ത ശ്രീനാരയണ ഗുരു അരുവിപ്പുറത്ത് നടത്തിയ ശിവപ്രതിഷ്ഠ സംബന്ധിച്ച് വിമർശനം ഉണ്ടായപ്പോള്‍ താൻ ഈഴവശിവനെയാണ് പ്രതിഷ്ഠിച്ചതെന്ന് പറഞ്ഞ് വിമർശകരുടെ വായടക്കി എന്നാണ് പറയപ്പെടുന്നത്.