തിരുവനന്തപുരത്ത് നിന്നും കാസര്‍കോട്ടേക്ക് പുറപ്പെട്ട വന്ദേ ഭാരത് ട്രെയിനിൻ്റെ സി- 5 കോചില്‍ വാതക ചോർച്ച.
തിരുവനന്തപുരത്ത് നിന്നും കാസര്‍കോട്ടേക്ക് പുറപ്പെട്ട വന്ദേ ഭാരത് ട്രെയിനിൻ്റെ സി- 5 കോചില്‍ വാതക ചോർച്ച.ആലുവയ്ക്കും കളമശേരിക്കും ഇടയിലായിരുന്നു വാതക ചോർച്ച ഉണ്ടായത്. ട്രെയിനില്‍ പുക ഉയര്‍ന്ന ഉടൻ തന്നെ സി -5 കോചിലെ യാത്രക്കാരെ മറ്റൊരു കോചിലേക്ക് മാറ്റിയതിനാല്‍ ആര്‍ക്കും ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായില്ല.
അഗ്നി കെടുത്തുന്ന വാതകമാണ് പടർന്നതെന്നാണ് റെയില്‍വേ അധികൃതർ നല്കുന്ന സൂചന. ട്രെയിനില്‍ യാത്രക്കാരൻ പുകവലിച്ചതാണ് സംഭവത്തിന് കാരണമെന്നാണ് സംശയിക്കുന്നത്. സ്മോക് ഡിറ്റക്ടർ പ്രവർത്തിച്ചതിനെ തുടർന്ന് ട്രെയിൻ തനിയെ നില്‍ക്കുകയായിരുന്നു. ട്രെയിനില്‍ പുകയോ തീയോ ഉണ്ടായാല്‍ തിരിച്ചറിയുന്ന സംവിധാനം ക്രമീകരിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് റെയില്‍വെ അന്വേഷണം തുടങ്ങിയിട്ടുണ്ട്.
ആലുവ ഭാഗത്തേക്കുള്ള ലൈനില്‍ കളമശേരി പിന്നിടുമ്ബോഴാണ് ട്രെയിനിൻ്റെ സ്മോക് ഡിറ്റക്ടർ പ്രവർത്തിച്ച് തുടങ്ങിയതെന്നാണ് ലോകോ പൈലറ്റ് നല്കിയ വിശദീകരണം. പിന്നീട് ട്രെയിൻ തനിയെ നിന്നതിനെ തുടർന്ന് സാവധാനം ആലുവ സ്റ്റേഷനിലെത്തിച്ച് സംവിധാനം പഴയരീതിയില്‍ ക്രമീകരിച്ച ശേഷമാണ് വീണ്ടും യാത്ര തുടർന്നത്. ട്രെയിൻ 20 മിനിറ്റ് നിർത്തിയിട്ട ശേഷമാണ് യാത്ര പുനരാരംഭിച്ചത്. അതേസമയം ആരെങ്കിലും പുകവലിച്ചതാണോയെന്ന് കാമറയുടെ സഹായത്തോടെ കണ്ടെത്താൻ ശ്രമം തുടങ്ങിയിട്ടുണ്ട്.