ലോക്സഭാ തിരഞ്ഞെടുപ്പിന് രാഷ്ട്രീയ ചൂടേറ്റി ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി നേതാവുമായ അരവിന്ദ് കേജ്രിവാളിനെ വിവാദ മദ്യനയക്കേസില്‍ ഇ.ഡി അറസ്റ്റ് ചെയ്തു.
ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിന് രാഷ്ട്രീയ ചൂടേറ്റി ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി നേതാവുമായ അരവിന്ദ് കേജ്രിവാളിനെ വിവാദ മദ്യനയക്കേസില്‍ ഇ.ഡി അറസ്റ്റ് ചെയ്തു.
ഡല്‍ഹിയിലെ അദ്ദേഹത്തിന്റെ വസതിക്കു മുന്നിലും വിവിധ ഇടങ്ങളിലും രാത്രി വൈകിയും നൂറുകണക്കിന് പ്രവർത്തകർ പ്രതിഷേധിച്ചു. റോഡുകള്‍ തടഞ്ഞാണ് പ്രതിഷേധം. കോണ്‍ഗ്രസ് ഉള്‍പ്പെടെ ഇന്ത്യാ മുന്നണിയിലെ സഖ്യകക്ഷികള്‍ അറസ്റ്റിനെ അപലപിച്ചു.
മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റില്‍ നിന്ന് സംരക്ഷണം നല്കാൻ ഡല്‍ഹി ഹൈക്കോടതി വിസമ്മതിച്ചതിന് പിന്നാലെയാണ് ഇ.ഡി നടപടി. ഇന്നലെ ഇ.ഡി സംഘം കേജ്രിവാളിനെ ഔദ്യാഗിക വസതിയിലെത്തി രണ്ടു മണിക്കൂർ ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റുചെയ്തത്. ഇ.ഡി ആസ്ഥാനത്ത് കൊണ്ടുപോയ കേജ്രിവാളിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
വസതിക്കു വെളിയില്‍ ആംആദ്മി പ്രവർത്തകർ സംഘടിച്ചതിന് പിന്നാലെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സൗരഭ് ഭരദ്വാജ്, അതിഷി തുടങ്ങിയ നേതാക്കള്‍ക്ക് വസതിയില്‍ കടക്കാനായില്ല.
ഹൈക്കോടതി ഉത്തരവിനെതിരെ ആംആദ്മി സുപ്രീംകോടതിയെ സമീച്ച് ഇന്നലെ രാത്രി തന്നെ ഹർജി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും കേട്ടില്ല. ഇന്ന് പരിഗണിക്കും. മനു അഭിഷേക് സിംഗ്വി നേരിട്ടെത്തിയാണ് ഹർജി നല്‍കിയത്. അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ പാർട്ടി വീണ്ടും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.
ഇന്നലെ വൈകിട്ട് ഏഴു മണിയോടെയാണ് ഇ.ഡി സംഘം കേജ്രിവാളിന്റെ വസതിയിലെത്തിയത്. ഇവർക്ക് സംരക്ഷണത്തിന് ഡല്‍ഹി പൊലീസ്, അർദ്ധസൈനിക, ദ്രുതകർമ്മസേനാ വിഭാഗങ്ങളെ വിന്യസിച്ചു.
സമൻസ് നല്‍കാനാണെന്നും സെർച്ച് വാറണ്ട് ഉണ്ടെന്നും ഇ.ഡി കേജ്രിവാളിന്റെ ജീവനക്കാരെ അറിയിച്ചു. കേജ്രിവാളിന്റെ മൊബൈല്‍ ഫോണ്‍, ടാബ്, ലാപ്ടോപ് എന്നിവ പിടിച്ചെടുത്തു. കുടുംബാംഗങ്ങളുടെയും ജീവനക്കാരുടെയും നേതാക്കളുടെയും ഫോണുകളും പിടിച്ചെടുത്ത ശേഷമായിരുന്നു ചോദ്യം ചെയ്യല്‍. കേജ്രിവാള് സഹകരിക്കുന്നില്ലെന്ന് ഇ.ഡി പരാതിപ്പെട്ടു.
ചോദ്യം ചെയ്യലിന് ഹാജരാകാൻ ഒൻപത് സമൻസ് നല്‍കിയെങ്കിലും കേജ്രിവാള് അവഗണിച്ചിരുന്നു. അതിനെതിരെ ഇ.ഡി നല്കിയ കേസ് റോസ് അവന്യൂ കോടതിയിലുണ്ട്. ഇതിനിടെയാണ് അറസ്റ്റില്‍ നിന്ന് സംരക്ഷണം തേടി ഹൈക്കോടതിയെ സമീപിച്ചത്. കേജ്രിവാള് നിയമത്തിന് അതീതനല്ലെന്ന് ഇ.ഡിക്ക് വേണ്ടി അഡിഷണല്‍ സോളിസിറ്റർ ജനറല്‍ എസ്.വി. രാജു വാദിച്ചു. തുടർന്ന് കോടതി കേജ്രിവാളിന്റെ ഹർജി തള്ളി. ഏപ്രില്‍ 22ന് ഇ.ഡി വിശദമായ മറുപടി നല്‍കാനും ആവശ്യപ്പെട്ടു.
സിസോദിയ, സഞ്ജയ് സിംഗ്,
കവിത, കേജ്രിവാള്…
മദ്യനയക്കേസില്‍ 2023 ഫെബ്രുവരിയില്‍ ആംആദ്മി നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ അറസ്റ്റില്‍
മദ്യനയത്തില്‍ കോഴ ഇടപാട് ആരോപിച്ച് ഒക്ടോബറില്‍ ആംആദ്മി എം. പി സഞ്ജയ് സിംഗും അറസ്റ്റിലായി
തെലങ്കാന മുൻമുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ മകള്‍ കവിത കഴിഞ്ഞയാഴ്ച അറസ്റ്റില്‍. ഇന്നലെ കേജ്രിവാളും
ഡല്‍ഹിയിലും പഞ്ചാബിലും ഭരണത്തിലുള്ള ഞങ്ങളുടെ വളർച്ച തടയാൻ കേന്ദ്ര സർക്കാർ ഇ.ഡിയെ ഉപയോഗിച്ച് കേജ്രിവാളിനെ ഉന്നമിടുകയാണ്.
ആം ആദ്മിയുടെ നയം ഇന്നലെ മന്ത്രിയും മുതിർന്ന നേതാവുമായ അതിഷി ആവർത്തിച്ചു, കേജ്രിവാള് രാജിവയ്ക്കില്ല. ജയിലില്‍ കിടന്ന് ഭരിക്കും
മുഖ്യമന്ത്രിയാണെങ്കിലും ഒരു വകുപ്പിന്റെയും ചുമതല കേജ്രിവാളിനില്ല. അതിനാല്‍ സർക്കാർ പ്രവർത്തനങ്ങളെ അസാന്നിധ്യം ബാധിക്കാനിടയില്ല
എങ്കിലും മുതിർന്ന നേതാവ് ഗോപാല്‍ റായിയെ പോലെ ആരെങ്കിലും മുഖ്യറോള്‍ ഏറ്റെടുത്തേക്കും. അതിഷി, സൗരഭ് ഭരദ്വാജ് എന്നിവർക്കും പ്രധാന ഉത്തരവാദിത്വമുണ്ടാകും എന്നാല്‍, കേജ്രിവാളിനെതിരെ കേസുകള്‍ ചാർജ്ജ് ചെയ്യപ്പെട്ടാല്‍ രാജി ആവശ്യപ്പെട്ട് ബി.ജെ.പി മുന്നോട്ടു വരുമെന്നുറപ്പാണ്
റിമാൻഡിലായാല്‍ പാർട്ടിയുടെ മുഖ്യ പ്രചാരകനായ കേജ്രിവാളിന്റെ അസാന്നിദ്ധ്യം പാർട്ടിക്ക് തിരിച്ചടിയാകും. ബി.ജെ.പി ലക്ഷ്യമിടുന്നതും ഇതാണ്