നടനും ചാലക്കുടിയുടെ എം.പിയുമായിരുന്ന ഇന്നസെന്റിന്റെ നര്‍മ്മമധുരമായ ഓര്‍മ്മകള്‍ക്ക് ഇന്ന് ഒരാണ്ട്.
നടനും ചാലക്കുടിയുടെ എം.പിയുമായിരുന്ന ഇന്നസെന്റിന്റെ നര്‍മ്മമധുരമായ ഓര്‍മ്മകള്‍ക്ക് ഇന്ന് ഒരാണ്ട്. സിനിമാ പ്രേക്ഷകര്‍ക്ക് ഒരിക്കലും വിസ്മരിക്കാനാവാത്ത നിരവധി കഥാപാത്രങ്ങള്‍ സമ്മാനിച്ച് നടന് ഓര്‍മ്മപ്പൂക്കളുമായി സിനിമാ ലോകം ഒന്നാകെ സോഷ്യല്‍മീഡയയില്‍ കുറിപ്പ് പങ്ക് വക്കുന്നുണ്ട്
ഇന്നസെന്റിന്റെ വിയോഗത്തിന് ഒരു വര്‍ഷം തികയുന്ന വേളയില്‍ ഇന്ന് വൈകിട്ട് നാലരയ്ക്ക് ഇരിങ്ങാലക്കുട എസ്.എന്‍.ബി.എസ് സമാജം ശ്രീനാരായണ ഹാളില്‍ ചേരുന്ന കലസാംസ്‌കാരിക സംഗമം ഇന്നസെന്റിന്റെ പത്നി ആലീസ് ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്യും. മന്ത്രി ഡോ. ആര്‍. ബിന്ദു അദ്ധ്യക്ഷയാകും. ‘ഓര്‍മ്മകളില്‍ ഇന്നസെന്റ്’ സാംസ്‌കാരിക സംഗമത്തില്‍, സത്യന്‍ അന്തിക്കാട്, കമല്‍, വി.കെ. ശ്രീരാമന്‍, അശോകന്‍ ചരുവില്‍, സിബി കെ. തോമസ്, പ്രേംലാല്‍, ഗായത്രി വര്‍ഷ, സിജി പ്രദീപ് തുടങ്ങിയവര്‍ പങ്കെടുക്കും
1948 ഫെബ്രുവരി 28ന്. ഇരിങ്ങാലക്കുട താലൂക്കിലെ ചിറയ്ക്കല്‍ പഞ്ചായത്തില്‍ തെക്കേത്തല വറീതിന്റെയും മര്‍ഗലീത്തയുടേയും മകനായാണ് ഇന്നസെന്റ് ജനിച്ചത്. എട്ടാം ക്ലാസില്‍ പഠനമുപേക്ഷിച്ച ഇന്നസെന്റ് പിന്നീട് മദ്രാസിലെത്തി. പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവായി സിനിമയില്‍ പ്രവര്‍ത്തിച്ച് തുടങ്ങിയ അദ്ദേഹം പതിയെ സിനിമകളില്‍ അഭിനയിച്ചു തുടങ്ങി. 1972ല്‍ റിലീസായ നൃത്തശാലയാണ് ആദ്യ സിനിമ. പിന്നീട് ഉര്‍വ്വശി ഭാരതി, ഫുട്ബോള്‍ ചാമ്ബ്യന്‍, നെല്ല് തുടങ്ങിയ ചിത്രങ്ങളില്‍ ചെറിയ വേഷങ്ങള്‍ ചെയ്തു.
സിനിമയിലെത്തി ആദ്യ കാലങ്ങളില്‍ തന്നെ ഒരു മികച്ച ഹാസ്യ താരമാണെന്ന് അദ്ദേഹം തെളിയിച്ചിരുന്നു. പിന്നീട് വെള്ളിത്തിരയില്‍ ഹാസ്യ നടനായും സഹനടനായും വില്ലനായുമൊക്കെ അദ്ദേഹം നിറഞ്ഞാടി. മലയാളം, തമിഴ്, ഹിന്ദി, കന്നഡ, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിലായി 750ല്‍ അധികം സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. തൃശൂര്‍ ശൈലിയിലുള്ള സംസാരവും അനായാസ അഭിനയമികവും ഇന്നസെന്റിന്റെ മാത്രം സവിശേഷതകളായിരുന്നു. കാലങ്ങളായുള്ള മലയാള സിനിമയിലെ വില്ലന്റെ ക്ലീഷേ രീതികളെ അപ്പാടെ മാറ്റിമറിച്ചവയായിരുന്നു ഇന്നസെന്റിന്റെ വില്ലന്‍ കഥാപാത്രങ്ങള്‍.
1972ല്‍ പുറത്തിറങ്ങിയ ‘നൃത്തശാല’ എന്ന സിനിമയിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ അരങ്ങേറ്റം. പ്രേം നസീര്‍ കേന്ദ്ര കഥാപാത്രമായി എത്തിയ സിനിമയില്‍പത്രപ്രവര്‍ത്തകനായാണ് അദ്ദേഹം വേഷമിട്ടത്. ‘ഇളക്കങ്ങള്‍’ എന്ന ചിത്രത്തിലെ കറവക്കാരന്റെ വേഷത്തിലൂടെ ഇന്നസെന്റ് നടനെന്ന നിലയില്‍ ശ്രദ്ധിക്കപ്പെട്ടു. ചെറിയ കോമഡി കഥാപാത്രങ്ങള്‍ ചെയ്തിരുന്ന അദ്ദേഹത്തിന്റെ കരിയറില്‍ സിദ്ദീഖ് ലാല്‍ സംവിധാനം ചെയ്ത റാംജിറാവു സ്പീക്കിങ് ആണ് വഴിത്തിരിവായത്. കാബൂളിവാലയിലെ കന്നാസും കടലാസും മലയാളികള്‍ക്ക് ഇന്നും പ്രിയപ്പെട്ട കഥാപാത്രങ്ങളാണ്. ഡോക്ടര്‍ പശുപതി, ഇഞ്ചക്കാടന്‍ മത്തായി, സാക്ഷാല്‍ ശ്രീമാന്‍ ചാത്തുണ്ണി, മാന്നാര്‍ മത്തായി സ്പീകിംഗ് എന്നീ സിനിമകളില്‍ ഇന്നസെന്റ് ടൈറ്റില്‍ റോളുകളിലാണ് അഭിനയിച്ചത്.
മഴവില്‍ക്കാവടി എന്ന സിനിമയിലൂടെ 1989ല്‍ മികച്ച സഹനടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. വിട പറയും മുന്‍പേ എന്ന സിനിമയിലൂടെ മികച്ച നിര്‍മാതാവിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചു. 1982ല്‍ ഓര്‍മയ്ക്കായ് എന്ന സിനിമയിലൂടെ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും നേടി. 2009ല്‍ ‘പത്താം നിലയിലെ തീവണ്ടി’ എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള കേരള സ്റ്റേറ്റ് ഫിലിം ക്രിട്ടിക്സ് പുരസ്‌കാരത്തിന് അര്‍ഹനായി. നടനായാണ് അദ്ദേഹം സിനിമയിലേക്ക് എത്തിയതെങ്കിലും സിനിമയുടെ പിന്നണിയിലും ഇന്നസെന്റ് പ്രവര്‍ത്തിച്ചിട്ടുണ്ട്. തിരക്കഥാകൃത്തായും, നിര്‍മ്മാതാവായും, പിന്നണി ഗായകനായും സിനിമയില്‍ നിറഞ്ഞു നിന്നു.
ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയില്‍ കൗണ്‍സിലറായും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിലാണ് ചാലക്കുടിയില്‍ നിന്ന് അദ്ദേഹം ഇടതു സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചത്. 2019ല്‍ വീണ്ടും മത്സരിച്ചെങ്കിലും അദ്ദേഹം പരാജയപ്പെട്ടു. അങ്ങനെ കൗണ്‍സിലര്‍ പദവി മുതല്‍ പാര്‍ലമെന്റ് അംഗമെന്ന പദവി വരെ ഇന്നസെന്റ് വഹിച്ചിട്ടുണ്ട്. മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റായി 18 വര്‍ഷമാണ് അദ്ദേഹം പ്രവര്‍ത്തിച്ചത്. കാന്‍സര്‍ പിടിമുറുക്കിയ 2020ല്‍ ഒഴികെ എല്ലാ വര്‍ഷവും അദ്ദേഹം സിനിമകളില്‍ സജീവമായിരുന്നു.