പത്തനംതിട്ട – സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ നാടകീയ രംഗങ്ങൾ. രണ്ടു ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങൾ തമ്മിലുണ്ടായ കൈയാങ്കളിൽ മുതിർന്ന സെക്രട്ടറിയേറ്റ് അംഗത്തിന് മർദ്ദനമേറ്റു. പിന്നാലെ അദ്ദേഹം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പദവികൾ രാജിവച്ചു പാർട്ടിക്ക് പരാതിയും നൽകി. മന്ത്രി വാസവൻ കൂടി പങ്കെടുത്ത യോഗത്തിലാണ് ഇന്നലെ കൈയ്യാങ്കളി നടന്നത്.
ഇന്നലെ വൈകിട്ട് തോമസ് ഐസക്കിന്റെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ വിലയിരുത്താൻ യോഗം ചേർന്നപ്പോൾ ആറന്മുള മണ്ഡലത്തിൽ ഐസക്കിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതലയുള്ള ജില്ലാ സെക്രട്ടറിയേറ്റ് അംഗം നിലവിലുള്ള പ്രചാരണ രീതികളെ വിമർശിച്ചു സംസാരിച്ചു. ഈ രീതിയിൽ പ്രചാരണം മുന്നോട്ട് പോയാൽ ഐസക്ക് തോൽക്കുമെന്നും അദ്ദേഹം പറഞ്ഞു. നേതാക്കളുടെ പ്രചാരണ രംഗത്തുള്ള ആലസ്യം പരാമർശിച്ചു കൊണ്ടാണ് അദ്ദേഹം ഇത്തരത്തിൽ പറഞ്ഞത്. തുടർന്ന് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചുമതലകളിൽ നിന്ന് രാജി സന്നദ്ധതയും അറിയിച്ചു.
ഇതോടെ, അടുത്ത ജില്ലാ സെക്രട്ടറി സ്ഥാനം നോട്ടമിടുന്ന ജില്ലാ സെക്രട്ടറിയേറ്റംഗം അസഭ്യം വിളിച്ചു കൊണ്ട് ഇദ്ദേഹത്തെ മർദ്ദിക്കുകയായിരുന്നു. അപ്രതീക്ഷിത ആക്രമണത്തിൽ നില തെറ്റിയ മുതിർന്ന അംഗം മറിഞ്ഞു വീണുവെന്നും പറയുന്നു. ഉപരി കമ്മറ്റിയിൽ നിന്ന് പങ്കെടുത്ത മന്ത്രി വാസവൻ നോക്കി നിൽക്കുമ്പോഴായിരുന്നു മർദനം. ഇതിന് പിന്നാലെ മർദ്ദനമേറ്റ മുതിർന്ന നേതാവ് പാർട്ടിക്ക് പരാതി നൽകി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചുമതലകളിൽ നിന്ന് രാജി വച്ചു കൊണ്ടുള്ള കത്തും നൽകി അദ്ദേഹം മടങ്ങി.