തിരുവനന്തപുരം: വർക്കലയിലെ പാപനാശത്ത് നിയന്ത്രണം തെറ്റി ട്രാവലർ വാൻ ഒരു കടയുടെ മുന്നില്‍ ഇരിക്കുകയായിരുന്ന അമ്മയെയും കുഞ്ഞിനെയും ഇടിച്ചിട്ടു.
വഴിയരികില്‍ നിന്ന മറ്റൊരാള്‍ക്കും പരിക്കേറ്റു. അപകടത്തിന് പിന്നാലെ വാഹനം ഉപേക്ഷിച്ചു ഓടി രക്ഷപ്പെടാൻ ശ്രമിച്ച കോഴഞ്ചേരി സ്വദേശിയായ ഡ്രൈവറെ പൊലീസ് പിന്തുടർന്ന് പിടികൂടി. പരവൂർ കലയ്ക്കോട് സ്വദേശി നിഷ 35 , മകള്‍ സാന്ദ്ര 8 , മകൻ സച്ചിൻ 12 ,വർക്കല സ്വദേശി സത്യൻ 56 എന്നിവരാണ് അപകടത്തില്‍പ്പെട്ടത്.
നിഷയും മക്കളും ബലിതർപ്പണത്തിനായാണ് വർക്കലയില്‍ എത്തിയതത്. രാവിലെ 10.15 ഓടെയാണ് അപകടം നടന്നത്. കോഴഞ്ചേരിയില്‍ നിന്നും എത്തിയ വിനോദ സഞ്ചാരികളെ ഇറക്കിയ ശേഷം കുന്നിൻ മുകളിലെ റോഡില്‍ നിന്നും അമിത വേഗതയില്‍ വന്ന വാഹനം നിയന്ത്രണം തെറ്റി വഴിവക്കില്‍ കടയുടെ അരികില്‍ വിശമിക്കുകയായിരുന്ന അമ്മയെയും മക്കളെയും ഇടിച്ച് തെറിപ്പിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
ഒഴിഞ്ഞു മാറാൻ കഴിയാതെ കടയുടെ സമീപത്തെ അരമതിലിനും വാഹനത്തിനും ഇടയില്‍ എട്ടു വയസ്സുള്ള കുട്ടി ഞെരുങ്ങുകയും ചെയ്തു. അപകടം കണ്ട് നാട്ടുകാരാണ് ഓടിക്കൂടി രക്ഷാപ്രവർത്തനം നടത്തിയത്. പരിക്കേറ്റവരെ വർക്കല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പെണ്‍കുട്ടിക്ക് കണ്ണിന്റെ ഭാഗത്തും നെറ്റിയിലും ചതവും പരിക്കുമുണ്ട്. അമ്മയും മകനും നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. അപകടത്തില്‍ നാട്ടുകാരനായ സത്യൻ 56 എന്ന ആളുടെ കാല്‍ മുട്ടിനും പരിക്കേറ്റിട്ടുണ്ട്. വാഹനം അമിത വേഗതയില്‍ ആയിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്തു.