ന്യൂദല്‍ഹി: ഏപ്രില്‍ മുതല്‍ മരുന്നു വിലയില്‍ വര്‍ധനവുണ്ടാകുമെന്ന റിപ്പോര്‍ട്ടുകള്‍ വ്യാജമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം.
റിപ്പോര്‍ട്ടുകള്‍ ജനങ്ങളില്‍ തെറ്റിദ്ധാരണയും ആശയക്കുഴപ്പവുമുണ്ടാക്കുന്നുവെന്നും മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.
ഏപ്രില്‍ മുതല്‍ മരുന്നുകള്‍ക്ക് 12 ശതമാനം വരെ വില വര്‍ധിക്കും. അഞ്ഞൂറിലേറെ മരുന്നുകള്‍ക്ക് ഇത് ബാധകമാണെന്നും ചില മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് തികച്ചും തെറ്റായ വാര്‍ത്തയാണ്. 2013ലെ ഡ്രഗ് പ്രൈസ് കണ്ട്രോള് ഓര്‍ഡര്‍ (ഡിപിസിഒ) പ്രകാരം മരുന്നുകളെ രണ്ടായി തിരിച്ചിട്ടുണ്ട്. ഷെഡ്യൂള്‍ഡ് ഫോര്‍മുലേഷനെന്നും നോണ്‍ ഷെഡ്യൂള്‍ഡ് ഫോര്‍മുലേഷനെന്നും (അത്യാവശ്യ മരുന്നുകളും അല്ലാത്തവയും). മൊത്ത വ്യാപര വില നിലവാരമനുസരിച്ച് (ഡബ്ല്യുപിഐ) നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റി (എന്‍പിപിഎ) എല്ലാവര്‍ഷവും അത്യാവശ്യ മരുന്നുകളുടെ വിലയില്‍ മാറ്റം വരുത്താറുണ്ട്. മാര്‍ച്ച് 20ന് ചേര്‍ന്ന യോഗത്തില്‍ ഡബ്ല്യുപിഐ 0.00551 ശതമാനമുയര്‍ത്താന്‍ തീരുമാനമായതായും മന്ത്രാലയം അറിയിച്ചു.
ഇത് 923 ഇനം മരുന്നുകള്‍ക്കാണ് ബാധകമാവുക. എന്നാല്‍ 782 ഇനം മരുന്നുകള്‍ക്ക് വിലയില്‍ വ്യത്യാസമൊന്നുമുണ്ടാകില്ല. 2025 മാര്‍ച്ച് 31 വരെ ഇപ്പോഴുള്ള അതേ വില തന്നെയാകും ഇവയ്ക്ക്. 90 മുതല്‍ 261 രൂപയ്ക്ക് വരെയുള്ള 54 മരുന്നുകള്‍ക്ക് ഒരു പൈസയുടെ വര്‍ധനവാണുണ്ടാവുക. ഈ വര്‍ധനവ് കമ്ബനിയുടെ തീരുമാനത്തിലാകും നടപ്പാക്കുകയെന്നും പ്രസ്താവനയില്‍ പറയുന്നു.