ന്യൂയോർക്ക്: അമേരിക്കയിലെ മലയാളീ ഹിന്ദു ആദ്ധ്യാത്മിക സംഘടനയായ ‘മന്ത്ര’ മലയാളി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദുസ്) യുടെ ചുമതലയിൽ 2025 ഓഗസ്റ്റിൽ നടക്കുന്ന ഗ്ലോബൽ ഹിന്ദു കൺവെൻഷന്റെ ഭാഗമായ ശിവാലയ പര്യടനത്തിന് തുടക്കം കുറിച്ചു. പരശുരാമനാൽ പ്രതിഷ്ഠിതമായ കേരളത്തിലെ 108 ശിവാലയങ്ങളിലേക്ക് എത്തുകയും അവിടെനിന്നും ശിവലിംഗങ്ങൾ പൂജിച്ച് കൺവെൻഷനിൽ സ്ഥാപിക്കുകയും ചെയ്യുന്ന ചടങ്ങ് മന്ത്രയുടെ സ്പിരിച്ചൽ കോർഡിനേറ്റർ മനോജ് വി നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമവും പഞ്ചാക്ഷരീ ഹോമത്തോടെ തുടക്കം കുറച്ചു.
ശിവോഹം 2025 എന്ന പേരോടുകൂടിയ മന്ത്ര ഹിന്ദു കൺവെൻഷനിലെ പ്രധാന ചടങ്ങാണ് കേരളത്തിലെ 108 ശിവക്ഷേത്രങ്ങളിലേക്കുള്ള പര്യടനവും അവിടെനിന്നുള്ള ഉത്സവ മൂർത്തിരൂപമായ ശിവലിംഗങ്ങൾ കൺവെൻഷൻ നടക്കുന്ന സ്ഥലത്തെ ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കുക എന്നതും എന്ന് മന്ത്രയുടെ പ്രസിഡന്റ് ശ്യാം ശങ്കർ അറിയിച്ചു.
ഇതിൽകൂടി നോർത്ത് അമേരിക്കയിലെ ഓരോ മലയാളി ഹിന്ദുകുടുംബത്തെയും അവരുടെ സ്വദേശത്തിനടുത്തുള്ള ശിവക്ഷേത്രങ്ങളുമായി ആത്മീയമായി ബന്ധിപ്പിക്കുവാനും, കന്യാകുമാരി മുതൽ മൂകാംബിക വരെ ഉള്ള നൂറ്റെട്ട് ശിവാലയങ്ങളെ കുറിച്ച് ആഗോള തലത്തിലുള്ള ഹിന്ദു സമൂഹത്തിൽ അവഗാഹമുണ്ടാക്കുവാനും 2025 കൺവെൻഷനോടെ സാധിക്കുമെന്നും അദ്ദേഹം പ്രത്യാശ പുലർത്തി