കൊച്ചി:
കോതമംഗലത്ത് ഒരു വ്യക്തിയുടെ പറമ്ബിലെ കിണറ്റില്‍ കാട്ടാന വീണു. പ്രദേശവാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി.ആനയെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. കോതമംഗലം കോട്ടപ്പടി പഞ്ചായതിലെ വടക്കുംഭാഗം പ്ലാച്ചേരിയില്‍ വ്യാഴാഴ്ച (11.04.2024) രാത്രിയോടെയാണ് കാട്ടാന കിണറ്റില്‍ വീണത്.
വെള്ളിയാഴ്ച (12.04.2024) പുലര്‍ചയോടെ നാട്ടുകാരാണ് ആനയെ കിണറ്റില്‍ കണ്ടെത്തിയത്. തുടര്‍ന്ന് വനംവകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. കൃഷിയിടത്തിലെ ആള്‍മറയില്ലാത്തെ ചെറിയ കുളത്തിന് സമാനമായ കിണറ്റിലാണ് കാട്ടാന വീണത്. ചതുരാകൃതിയിലുള്ള കിണറിന് വലിയ ആഴമില്ലാത്തതിനാല്‍ ആനയെ എത്രയും വേഗം രക്ഷപ്പെടുത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആനയ്ക്ക് തനിയെ കയറിപോകാനായില്ലെങ്കില്‍ മണ്ണിടിച്ച് രക്ഷപ്പെടുത്തേണ്ടിവരുമെന്നാണ് അധികൃതര്‍ പറയുന്നത്.
അതേസമയം, സംഭവം നടന്ന മേഖലയില്‍ വന്യമൃഗശല്യം രൂക്ഷമാണെന്നും ഇതിന് പരിഹാരം കാണണമെന്നും പ്രദേശവാസികള്‍ ആവശ്യപ്പെട്ടു. ആനയെ മയക്കുവെടിവെച്ച് കൊണ്ടുപോകണമെന്ന് പറഞ്ഞ് പ്രതിഷേധിക്കുകയാണ്. ജനവാസമേഖലയായതിനാല്‍ ആനയെ പുറത്തെത്തിച്ചാല്‍ വീണ്ടും പ്രശ്‌നങ്ങള്‍ തുടരുമെന്നും ഇവര്‍ പറഞ്ഞു.