ബസ്തറിലെ കാങ്കറില്‍ 29 മാവോയിസ്റ്റുകളെ വധിച്ച ഏറ്റുമുട്ടലിന് പിന്നാലെ ഛത്തീസ്ഗഢില്‍ സുരക്ഷ ശക്തമാക്കി. കാങ്കറിലെ നിബിഡ വനത്തില്‍ സുരക്ഷ സേന പരിശോധന തുടരുകയാണ്.
കൂടുതല്‍ ആയുധങ്ങള്‍ അടക്കം മേഖലയില്‍ നിന്ന് കണ്ടെടുത്തു എന്നാണ് വിവരം. ബസ്തറില്‍ നിലവിലുള്ള 65,000 സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പുറമെ കൂടുതല്‍ ഉദ്യോഗസ്ഥരെ വിന്യസിക്കും.
മാവോയിസ്റ്റുകള്‍ക്കെതിരായ നടപടി ശക്തമായി മുന്നോട്ട് കൊണ്ടുപോകാനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. കേന്ദ്ര സര്‍ക്കാരിന്റെ പൂര്‍ണ്ണ പിന്തുണ സംസ്ഥാന സര്‍ക്കാരിനുണ്ട്. ഛത്തീസ്ഗഢിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഏറ്റുമുട്ടലിനാണ് കഴിഞ്ഞ 24 മണിക്കൂര്‍ സാക്ഷ്യം വഹിച്ചത്. ബസ്തര്‍ മേഖലയില്‍ ഈ വര്‍ഷം മാത്രം 79 മാവോയിസ്റ്റുകളെ സുരക്ഷ സേന വധിച്ചു.