സഞ്ചാരികളുട പ്രിയപ്പെട്ട പാതയായ മണാലി- ലേ ഹൈവേ തുറന്നു.മഞ്ഞുമൂടി കിടന്നതിനാല്‍ ലഡാക്കിന്റെ തലസ്ഥാനമായ ലേയെയും ഹിമാചല്‍ പ്രദേശിലെ മണാലിയെയും ബന്ധിപ്പിക്കുന്ന ഈ ഹൈവേ അഞ്ച് മാസത്തോളം അടച്ചിട്ടിരിക്കുകയായിരുന്നു.ബോര്‍ഡര്‍ റോഡ് ഓര്ഗനൈസേഷന് 428 കിലോമീറ്റര്‍ നീളമുള്ള പാതയിലെ മഞ്ഞ് നീക്കം ചെയ്ത ശേഷമാണ് റോഡ് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തത്.ലഡാക്കിനെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായി ബന്ധപ്പെടുത്തുന്നത് ഈ പാതയാണ്.
ഹിമാചല്‍ പ്രദേശിലെ അടല്‍ തുരങ്കം വഴി ബിയാസ് നദിയുടെ കുളു താഴ്വരയെ ലാഹൗളിലെ ചന്ദ്ര, ഭാഗ നദീതടങ്ങളുമായി ബന്ധിപ്പിക്കുന്നു.മഞ്ഞുമൂടിയതിനെ തുടര്‍ന്ന് പാത അടച്ചത് കഴിഞ്ഞ നവംബറിലാണ്.
മണാലി- ലേ ഹൈവേയിലൂടെയാണ് ഇന്ത്യയുടെ തന്ത്രപ്രധാനപ്പെട്ട അതിര്‍ത്തി പ്രദേശമായ ലഡാക്കില്‍ സൈനികര്‍ക്കാവശ്യമായ ചരക്കുനീക്കങ്ങള്‍ നടത്തുന്നത്.പാതയിലെ മഞ്ഞ് നീക്കം ചെയ്യാന്‍ ബി.ആര്.ഒ അംഗങ്ങള്‍ രണ്ട് സംഘങ്ങളായി തിരിഞ്ഞ് മാസങ്ങളോളം നടത്തിയ പ്രയത്നത്തിലൊടുവിലാണ് സാധിച്ചത്.
മണാലി- ലേ ഹൈവേ എല്ലാ വര്‍ഷവും മെയ് പകുതി മുതല്‍ അല്ലെങ്കില്‍ ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെ ഏകദേശം അഞ്ച് മാസത്തേക്ക് പ്രവര്‍ത്തനസജ്ജമായിരിക്കും.മഞ്ഞുവീണ് അടഞ്ഞുകിടക്കുകയാവും ബാക്കിയുള്ള മാസങ്ങളില്‍.