തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂട് തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പാലക്കാട് ഉയര്‍ന്ന താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെയാകും.
പാലക്കാട് ജില്ലയില്‍ വിവിധ പ്രദേശങ്ങളില്‍ അടുത്ത 24 മണിക്കൂര്‍ കൂടി ഉഷ്ണ തരംഗ സാഹചര്യം തുടരാന്‍ സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
സംസ്ഥാനത്തെ ഇടുക്കിയിലും വയനാട്ടിലും താപനില 35 ഡിഗ്രി സെല്‍ഷ്യസാണ് മറ്റെല്ലാ ജില്ലകളിലും താപനില 35 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ്. തൃശൂരിലും കൊല്ലത്തും 39 ഡിഗ്രി സെല്‍ഷ്യസും കോഴിക്കോടും കണ്ണൂരും 38 ഡിഗ്രി സെല്‍ഷ്യസുമാണ് ഉയര്‍ന്ന താപനില. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ 37 ഡിഗ്രി സെല്‍ഷ്യസാണ് ചൂട്.
തീരദേശങ്ങളിലും ഉള്‍പ്രദേശങ്ങളിലും ഉച്ചയ്ക്ക് ശേഷം അന്തരീക്ഷ ആര്‍ദ്രത 55 മുതല്‍ 65 ശതമാനം പരിധിയിലായിരിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഉയര്‍ന്ന ചൂടോടുകൂടിയ അസ്വസ്ഥതയുള്ള അന്തരീക്ഷ സ്ഥിതിക്ക് സാധ്യതയുണ്ട്. അതിനാല്‍ ജനങ്ങള്‍, ശാരീരിക ബുദ്ധിമുട്ടുകള്‍ ഉള്ളവര്‍ പ്രത്യേകിച്ചു, പ്രത്യേകം ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.
സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് ഒരാള്‍ കൂടി മരിച്ചു. സൂര്യാതപമേറ്റ് കുഴഞ്ഞു വീണ മലപ്പുറം സ്വദേശി മുഹമ്മദ് ഹനീഫ (63) യാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. മലപ്പുറം ജില്ലയിലെ താമരക്കുഴി എന്ന സ്ഥലത്ത് കല്‍പ്പണി ജോലി ചെയ്യുന്നതിനിടെ ഇന്നലെ ഉച്ചയോടെ കുഴഞ്ഞുവീഴുകയായിരുന്നു.