ജിദ്ദ: ഈ വർഷത്തെ ഹജ്ജ് സീസണിനോടനുബന്ധിച്ച് മക്കയിലേക്കുള്ള പ്രവേശനത്തിനു ഇന്ന് (ശനി) മുതല്‍ വിദേശികള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തിയതായി സൗദി പൊതു സുരക്ഷാ വിഭാഗം അറിയിച്ചു.
ഹജ്ജ് വിസയുള്ളവർ, ഉംറ പെർമിറ്റുള്ളവർ, മക്കയില്‍ ഇഖാമയുള്ള സ്ഥിരം താമസക്കാർ, പ്രത്യേക പെർമിറ്റെടുത്ത് മറ്റു പ്രദേശങ്ങളില്‍ നിന്ന് മക്കയില്‍ ജോലിക്കായി പോവുന്നവർ എന്നിവർക്കായിരിക്കും പ്രവേശനം. ഈ വിഭാഗങ്ങളില്‍ പെടാത്തവർക്ക് മക്കയിലേക്ക് പ്രവേശിക്കാനാവില്ല. ചെക്ക് പോസ്റ്റുകളില്‍ ഇവരുടെ വാഹനം തടഞ്ഞു തിരിച്ചയക്കും.
അതേസമയം, ഹജ്ജ് സീസണില്‍ ജോലി ചെയ്യുന്ന സൗദിയിലെ താമസക്കാർക്ക് മക്കയിലേക്ക് പ്രവേശിക്കുന്നതിനുള്ള പ്രവേശന പെർമിറ്റുകള്‍ ഇലക്ട്രോണിക്കായി നല്കുന്നതിനു അപേക്ഷകള്‍ പാസ്പോർട്ട് വകുപ്പ് സ്വീകരിച്ചു തുടങ്ങി. ഇതോടെ പാസ്പോർട്ട് ഓഫീസ് ആസ്ഥാനം സന്ദർശിക്കാതെ തന്നെ പ്രവേശന പെർമിറ്റ് നേടാനാകും. ആഭ്യന്തര മന്ത്രാലയത്തിന്റെ ഇലക്ട്രോണിക് പ്ലാറ്റ്ഫോമായ മുഖീം പോർട്ടലിലൂടെയും അബ് ഷീർ പ്ലാറ്റ്ഫോമിലൂടെയുമാണ് പെർമിറ്റുകള്‍ നല്‍കുന്നത്. വീട്ടുജോലിക്കാർ, ആശ്രിതർ, പ്രീമിയം ഇഖാമ ഉടമകള്‍, നിക്ഷേപകർ, സന്ദർശകർ എന്നിവർക്ക് ആവശ്യമായ രേഖകള്‍ അറ്റാച്ച് ചെയ്ത ശേഷം പെർമിറ്റ് നല്കാൻ അബ് ഷീർ പ്ലാറ്റ്ഫോം വ്യക്തികളെ അനുവദിക്കുന്നു.
എന്നാല്‍ ഹജ്ജ് സീസണില്‍ മക്ക ആസ്ഥാനമായുള്ള സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്കും സീസണല്‍ വർക്ക് വിസയുള്ളവർക്കും അജീർ സംവിധാനത്തില്‍ രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങളിലെ കരാറുകാർക്കും മുഖീം ഇലക്ട്രോണിക് പോർട്ടല്‍ വഴിയാണ് മക്കയിലേക്കുള്ള പ്രവേശിക്കാനുള്ള അനുമതി നല്‍കുക. ഹജ്ജ് സീസനോടനുബന്ധിച്ച് മക്കയിലേക്കുളള അനധികൃത പ്രവേശനം തടയുന്നതിനും ഹജ്ജ് നടപടികള്‍ വ്യവസ്ഥാപിതമാക്കുന്നതിന്റെയും ഭാഗമാണ് ഹജ്ജ് സീസണിലെ ജോലിക്കാർക്ക് മക്കയിലേക്ക് പ്രവേശനത്തിന് പെർമിറ്റുകള്‍ നിശ്ചയിച്ചിരിക്കുന്നത്.