പ്രവാസി മലയാളികളെ വലച്ച്‌ വിമാനം റദ്ദാക്കല്‍ തുടരുന്നു; ഇന്ന് രണ്ട് വിമാന സര്‍വീസുകള്‍ മുടങ്ങി

May 12, 2024
40
Views

കൊച്ചി: പ്രവാസി മലയാളികളെ വലച്ച്‌ വീണ്ടും എയർ ഇന്ത്യ എക്സ്‌പ്രസ്. ഇന്ന് നെടുമ്ബാശേരിയില്‍ നിന്ന് ഗള്‍ഫിലേക്കുള്ള രണ്ട് വിമാന സർവീസുകളാണ് റദ്ദാക്കിയത്.

8.35ന് ദമാമിലേക്കും 9.30ന് ബഹ്റൈനിലേക്കുമുള്ള വിമാനങ്ങളാണ് മുടങ്ങിയത്. നിരവധി യാത്രക്കാർക്കാണ് എയർ ഇന്ത്യ എക്സ്‌പ്രസിന്റെ തീരുമാനം തിരിച്ചടിയായത്.

കൊച്ചിയില്‍ നിന്നുള്ള ആറ് വിമാന സർവീസുകളാണ് ഇന്നലെ മുടങ്ങിയത്. ബെംഗളൂരു, കൊല്‍ക്കത്ത, ഹൈദരാബാദ് വിമാനങ്ങളാണ് റദ്ദാക്കിയത്. ഷാർജ, ബഹ്‌റൈൻ എന്നിവിടങ്ങളില്‍ നിന്നുള്ള കൊച്ചി സർവീസുകളും മുടങ്ങിയിരുന്നു.

കരിപ്പൂരില്‍ നിന്നുള്ള മൂന്ന് എയർ ഇന്ത്യ സർവീസുകളും ഇന്നലെ റദ്ദാക്കി. റാസല്‍ഖൈമ, മസ്ക്കറ്റ്, ബെംഗളൂരു വിമാനങ്ങളാണ് റദ്ദാക്കിയത്. യാത്രക്കാരെ മുൻകൂട്ടി അറിയിച്ചിരുന്നു. റദ്ദാക്കല്‍ രണ്ട് ദിവസം കൂടി തുടരുമെന്നാണ് വിവരം.

അതേസമയം തിരുവനന്തപുരത്തും കണ്ണൂരും സർവീസുകള്‍ മുടങ്ങിയില്ല. ജീവനക്കാരുടെ സമരം പിൻവലിച്ച്‌ രണ്ട് ദിവസം കഴിഞ്ഞിട്ടും സർവീസുകള്‍ തുടരെത്തുടരെ റദ്ദാക്കുന്നത് യാത്രക്കാർക്കിക്കിടയില്‍ കടുത്ത അമർഷത്തിന് കാരണമായിട്ടുണ്ട്.

പണിമുടക്കിയ ജീവനക്കാർ തിരിച്ചെത്തുന്ന മുറയ്ക്ക് സർവീസുകള്‍ ആരംഭിക്കുമെന്ന് അധികൃതർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നത്. ജീവനക്കാർ ജോലിയില്‍ മടങ്ങിയെത്തി തുടങ്ങിയെങ്കിലും ക്യാബിൻ ക്രൂവിന് ജോലി പുനരാരംഭിക്കാൻ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കേണ്ടതുണ്ട്. ഇതിന്റെ നടപ‌ടികള്‍ വേഗത്തിലാക്കുമെന്ന് അധികൃതർ അറിയിച്ചു.
കേന്ദ്രസർക്കാരിന്റെ ശക്തമായ ഇടപെടലിനെത്തുടർന്ന് കഴിഞ്ഞ വ്യാഴാഴ്ചയാണ് എയർ ഇന്ത്യ എക്സ്‌പ്രസ് ജീവനക്കാരുടെ സമരം ഒത്തുതീർപ്പിലെത്തിയത്. ഡല്‍ഹിയില്‍ ചീഫ് ലേബർ കമ്മീഷണറുടെ (സെൻട്രല്‍) സാന്നിധ്യത്തില്‍ ജീവനക്കാരുടെ സംഘടനയും എയർ ഇന്ത്യ പ്രതിനിധികളും നടത്തിയ ചർച്ചയിലാണ് തീരുമാനം ഉണ്ടായത്. ധാരണപ്രകാരം 30 ജീവനക്കാരെ പിരിച്ചുവിട്ട നടപടിയും റദ്ദാക്കിയിരുന്നു.

Article Categories:
Latest News · World

Leave a Reply

Your email address will not be published. Required fields are marked *