ന്യൂഡല്‍ഹി: ബി.ജെ.പി ഡല്‍ഹി ഘടകം ആസ്ഥാനത്ത് തീപ്പിടിത്തം. ഇന്ന് വൈകീട്ട് പണ്ഡിറ്റ് പന്ത് മാർഗിലെ ഓഫിസിലാണു തീപിടിത്തമുണ്ടായത്.
സംഭവത്തില്‍ ആളപായമോ കാര്യമായ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
വൈകീട്ട് 4.25ഓടെയാണ് ഡല്‍ഹി അഗ്നിശമന സേനാ(ഡി.എഫ്.എസ്) ഓഫിസില്‍ ബി.ജെ.പി ഓഫിസിലെ തീപിടിത്തത്തെ കുറിച്ച് വിവരം ലഭിച്ചത്. ഉടൻ മൂന്ന് ഫയർഫോഴ്സ് വാഹനങ്ങള്‍ സ്ഥലത്തെത്തി. മിനിറ്റുകള്‍ കൊണ്ടുതന്നെ തീ നിയന്ത്രണവിധേയമാക്കുകയും ചെയ്തു.
വൈദ്യുതി മീറ്റർ ബോക്സിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിനിടയാക്കിയതെന്ന് ബി.ജെ.പി വാർത്താ കുറിപ്പില്‍ പറഞ്ഞു. സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഡി.എഫ്.എസ് അറിയിച്ചു.
കഴിഞ്ഞ ദിവസം സെൻട്രല്‍ ഡല്‍ഹിയിലെ ഐ.ടി.ഒയിലുള്ള ഇൻകം ടാക്സ് ഓഫിസില്‍ വൻ തീപിടിത്തമുണ്ടായിരുന്നു. സംഭവത്തില്‍ 46കാരനായ ഐ.ടി ജീവനക്കാരൻ പൊള്ളലേറ്റു മരിക്കുകയും ഏഴുപേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 21 ഫയർഫോഴ്സ് വാഹനങ്ങളെത്തിയാണ് തീയണച്ചത്.