പെരുമ്ബാവൂര്‍ ജിഷ വധക്കേസില്‍ അമീറുള്‍ ഇസ്ലാമിന്റെ വധശിക്ഷ നടപ്പാക്കുന്നതില്‍ വിധി തിങ്കളാഴ്ച

May 18, 2024
48
Views

കൊച്ചി: പെരുമ്ബാവൂര്‍ ജിഷ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട അമീറുല്‍ ഇസ്ലാമിന്റെ വധശിക്ഷയ്ക്ക് അനുമതി തേടി സർക്കാർ സമർപ്പിച്ച അപേക്ഷയില്‍ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തിങ്കളാഴ്ച ഉത്തരവ് പറയും.

കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി നല്‍കിയ അപ്പീലിലും അന്നേ ദിവസം വിധിയുണ്ടാകും. കൊച്ചിയിലെ വിചാരണ കോടതിയാണ് നേരത്തെ അമിറുള്‍ ഇസ്ലാമിനെ വധശിക്ഷയ്ക്ക് വിധിച്ചത്.

2016 ഏപ്രില്‍ 28നായിരുന്നു പെരുമ്ബാവൂരില്‍ ഇരിങ്ങോള്‍ എന്ന സ്ഥലത്ത് കനാല്‍ പുറമ്ബോക്കില്‍ താമസിക്കുന്ന നിയമവിദ്യാർത്ഥിനിയായിരുന്ന ജിഷ എന്ന യുവതി ക്രൂരമായി കൊല്ലപ്പെട്ടത്. ആഴ്ചകള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ 2016 ജൂണ്‍ 16നാണ് അസം സ്വദേശിയായ അമീറുള്‍ ഇസ്ലാം പിടിയിലാകുന്നത്.

തുടര്‍ന്ന് മാസങ്ങള്‍ നീണ്ട വിചാരണയ്ക്കൊടുവിലാണ് അമീറുള്‍ ഇസ്ലാമിനെ കൊച്ചിയിലെ വിചാരണ കോടതി വധശിക്ഷയ്ക്ക് വിധിക്കുന്നത്. ഈ വിധിക്കെതിരെയാണ് അമീറുല്‍ ഇസ്ലാം ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്. താൻ പ്രതിയല്ലെന്നും തനിക്കെതിരായ തെളിവുകള്‍ പൊലീസ് കെട്ടിച്ചമച്ചതാണെന്നും അമിറുള്‍ ഇസ്ലാം ചൂണ്ടിക്കാട്ടി. തന്നെ പിടികൂടിയ ശേഷം പൊലീസ് ശാസ്ത്രീയ തെളിവുകളുണ്ടാക്കുകയായിരുന്നുവെന്നും മറ്റാരോ ആണ് കൊലപാതകം നടത്തിയിരിക്കുന്നതെന്നും ജിഷയെ മുൻപരിചയമില്ലെന്നുമുള്ള വാദങ്ങളാണ് അപ്പീലില്‍ അമിറുല്‍ ഇസ്ലാം മുന്നോട്ടുവച്ചിട്ടുള്ളത്.

ഈ അപ്പീലായിരിക്കും തിങ്കളാഴ്ച കോടതി ആദ്യം പരിഗണിക്കുക. നിലവിലെ നിയമം അനുസരിച്ച്‌ വിചാരണ കോടതി വധശിക്ഷ വിധിച്ചാല്‍ അതിന് ഹൈക്കോടതിയുടെ അനുമതി ആവശ്യമാണ്. ഇത് അനുസരിച്ച്‌ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ചിട്ടുള്ള അപേക്ഷ പ്രതിയുടെ അപ്പീലിന് ശേഷം പരിഗണിക്കും.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *