തിരുവനന്തപുരം: മഴ ശക്തമായതോടെ സംസ്ഥാനത്ത് മഴക്കെടുതിയും രൂക്ഷമാകുന്നു. തുടര്‍ച്ചയായ രണ്ടാം ദിനവും ശക്തമായ മഴ പെയ്തതോടെ വിവിധയിടങ്ങൡല്‍ കനത്ത നാശനഷ്ടമുണ്ടായി.
തിരുവനന്തപുരത്ത് നിരവധി വീടുകളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറി. ഇടുക്കിയിലെ മലയോര മേഖലയില്‍ കനത്ത മഴയാണ് പെയ്യുന്നത്. മണിമലയാറ്റില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കാണാതായി.
മല്ലപ്പള്ളി കോമളം കടവില്‍ കുളിക്കാന്‍ ഇറങ്ങിയവരാണ് അപകടത്തില്‍പ്പെട്ടത്. മൂന്ന് പേരായിരുന്നു കുളിക്കാനിറങ്ങിയത്. ഇതില്‍ ബിഹാര്‍ സ്വദേശി നരേഷിനെ (25) ആണ് കാണാതായത്. മറ്റ് രണ്ട് പേര്‍ നീന്തി രക്ഷപ്പെട്ടു. നെടുങ്കണ്ടം പാറത്തോട്ടില്‍ ശക്തമായ മഴയിലും കാറ്റിലും മരം വീണ് രണ്ട് പേര്‍ക്ക് പരിക്കേറ്റു. ജീപ്പിന് മുകളിലേക്ക് മരം വീണായിരുന്നു അപകടം. പാറത്തോട് സ്വദേശികളായ മാരിമുത്തു, പെരിയസാമി എന്നിവര്‍ക്കാണ് പരിക്കേറ്റത്.
പെരിയസ്വാമിക്ക് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. ഇയാളെ തേനി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ജീപ്പ് ഡ്രൈവറായ മാരിമുത്തുവിന് നിസാര പരിക്കേ ഉള്ളൂ എന്നാണ് വിവരം. പീരുമേട്ടില്‍ വീടിന്റെ മുന്‍വശത്തെ ഭിത്തി ഇടിഞ്ഞ് വീണ് ഓട്ടോറിക്ഷ തകര്‍ന്നു. മുണ്ടയ്ക്കല്‍ കോളനിയില്‍ താമസിക്കുന്ന രാജുവിന്റ വീടിന്റെ മുന്‍ഭാഗമാണ് തകര്‍ന്ന് വീണത്.
അയല്‍വാസിയായ അരുണിന്റെ ഓട്ടോറിക്ഷയ്ക്ക് മുകളിലേക്കാണ് ഭിത്തി ഇടിഞ്ഞ് വീണത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. മലബാറിലും ശക്തമായ മഴയാണ് ഇന്ന് രാവിലെ മുതല്‍ പെയ്യുന്നത്. മലപ്പുറത്ത് ഇരുവഴിഞ്ഞി പുഴയില്‍ ശക്തമായ മലവെള്ളപ്പാച്ചിലുണ്ടായി. മുത്തപ്പന്‍പുഴ, ആനക്കാംപൊയില്‍, അരിപ്പാറ ഭാഗങ്ങളിലും ശക്തമായ മഴയാണ് പെയ്യുന്നത്.
കോഴിക്കോട് പന്തീരാങ്കാവ് കൊടല്‍നടക്കാവില്‍ ദേശീയപാതാ നിര്‍മാണത്തിന്റെ ഭാഗമായുള്ള സര്‍വീസ് റോഡില്‍ വിള്ളല്‍ വീണു. ശക്തമായ മഴയെ തുടര്‍ന്ന് 100 മീറ്ററോളം ആഴത്തിലാണ് വിള്ളല്‍ വീണത്. ഇവിടെ മണ്ണിടിയുമെന്ന ആശങ്കയില്‍ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. കോഴിക്കോട് പാറോപ്പടിയില്‍ നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തിന്റെ മതിലിടിഞ്ഞ് വീണ് ഒരാള്‍ക്ക് പരിക്കേറ്റു.