ഓട്ടോ ഓടിക്കാനെത്തി, പിന്നീട് ഒരുമിച്ച്‌ താമസം തുടങ്ങി; മായാ മുരളി വധക്കേസില്‍ രഞ്ജിത്ത് പിടിയില്‍

May 22, 2024
51
Views

കാട്ടാക്കട : പേരൂർക്കട ഹാർവിപുരം ഭാവനാനിലയത്തില്‍ മായാ മുരളിയെ (39) കൊലപ്പെടുത്തിയ കേസിലെ പ്രതിയെന്ന് സംശയിക്കുന്ന ഓട്ടോ ഡ്രൈവർ കുടപ്പനക്കുന്ന് സ്വദേശി രഞ്ജിത്ത് (31) പിടിയില്‍.

മായയുടെ കൊലപാതകം നടന്ന് രണ്ടാഴ്ചയ്ക്ക് ശേഷമാണ് ഒപ്പം താമസിച്ചിരുന്ന രഞ്ജിത്തിനെ പോലീസിന് പിടികൂടാനായത്. തമിഴ്നാട്ടിലെ തേനി ജില്ലയിലെ കമ്ബത്ത് നിന്നുമാണ് ഇയാള്‍ പിടിയിലായത്.

മുതിയാവിള കാവുവിളയില്‍ വാടകയ്ക്ക് താമസിച്ചിരുന്ന വീടിനടുത്തെ റബ്ബർ തോട്ടത്തില്‍ മേയ് 9-ന് രാവിലെയാണ് മായാ മുരളിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുന്നത്. അന്നുമുതല്‍ രഞ്ജിത്ത് ഒളിവിലായിരുന്നു. ഓടിച്ചിരുന്ന ഓട്ടോയും, മൊബൈല്‍ ഫോണും ഉപേക്ഷിച്ചശേഷം കുടപ്പനക്കുന്ന്, മെഡിക്കല്‍ കോളേജ്, പേരൂർക്കട, നെയ്യാറ്റിൻകര തുടങ്ങി പലയിടത്തും കറങ്ങിനടക്കുന്ന രഞ്ജിത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. ഇയാള്‍ക്കെതിരേ ലുക്കൗട്ട് നോട്ടീസും ഇറക്കിയിരുന്നു.

ഇയാള്‍ ജില്ലവിട്ട് പോയിട്ടില്ലെന്നും ഉടൻ പിടിയിലാകുമെന്നുമാണ് പോലീസ് പറഞ്ഞിരുന്നത്. യുവതി കൊല്ലപ്പെട്ട് രണ്ടാഴ്ചയോളമായിട്ടും ഇയാളെ പിടികൂടാത്തതില്‍ വിവിധയിടങ്ങളില്‍നിന്ന് പ്രതിഷേധമുയർന്നിരുന്നു.

ചൊവ്വാഴ്ച ഉച്ചയോടെ കമ്ബം തേനി പ്രദേശത്തെ ഒളിയിടത്തില്‍ നിന്നുമാണ് രഞ്ജിത്തിനെ കസ്റ്റഡിയില്‍ എടുത്തെന്നാണ് ഉദ്യോഗസ്ഥർ നല്‍കുന്ന സൂചന.

ഒരു വർഷം മുമ്ബാണ് മായാ മുരളിയുടെ അച്ഛന്റെ ഓട്ടോറിക്ഷ ഓടിക്കാനായി കുട്ടപ്പായി എന്ന രഞ്ജിത്ത് എത്തുന്നത്.

തുടർന്ന് ഭർത്താവ് മരിച്ച മായയുമായി ഇയാള്‍ പരിചയത്തിലാകുകയും എട്ട് മാസങ്ങള്‍ക്ക് മുമ്ബ് ഒരുമിച്ച്‌ ജീവിതം തുടങ്ങുകയുമായിരുന്നു. അന്നുമുതല്‍ ഇയാള്‍ മായയെ ക്രൂരമായി മർദിക്കുമായിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു.

ഒരുമിച്ച്‌ പലയിടങ്ങളില്‍ താമസിച്ചശേഷം രണ്ട് മാസം മുമ്ബാണ് കാട്ടാക്കട മുതിയാവിളയില്‍ വാടക വീട്ടിലെത്തുന്നത്.

കസ്റ്റഡിയിലെടുത്ത രഞ്ജിത്തിനെ കാട്ടാക്കടയെത്തിച്ച്‌ അറസ്റ്റ് രേഖപ്പെടുത്തിയശേഷം ശേഷം കോടതിയില്‍ ഹാജരാക്കും. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്താലേ കൂടുതല്‍ വിവരങ്ങള്‍ അറിയാനാകൂവെന്ന് പോലീസ് പറഞ്ഞു.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *