പെരിയാറില്‍ വൻ മത്സ്യക്കുരുതി; കോടികളുടെ നഷ്ടം; രാസവിഷജലമൊഴുക്കിയെന്ന് സംശയം; വൻ പ്രതിഷേധം

May 22, 2024
37
Views

വരാപ്പുഴ: പെരിയാറിലും പരിസര ജലാശയങ്ങളിലും മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തു പൊങ്ങി . പെരിയാറിന്റെ കൈവഴിയില്‍ക്കൂടി രാസമാലിന്യം ഒഴുക്കിയതിനെത്തുടർന്നാണ് ഈ ദുരന്തമുണ്ടായത് എന്ന് സംശയിക്കുന്നു.ഏലൂർ, ചേരാനല്ലൂർ, വരാപ്പുഴ, മൂലമ്ബിള്ളി വരെയുള്ള ഭാഗങ്ങളില്‍ വരെ മത്സ്യങ്ങള്‍ ശ്വാസം കിട്ടാതെ പുഴയുടെ മേല്‍ത്തട്ടില്‍ എത്തി ചത്ത് പൊങ്ങുകയായിരുന്നു.

തിങ്കളാഴ്ച (മെയ് 21 ) രാത്രി എട്ടര മണിയോടെ ഏലൂർ ഭാഗത്താണ് ആദ്യം മത്സ്യങ്ങള്‍ ചത്തു പൊങ്ങിയതായി കാണപ്പെട്ടത്. പിന്നീട് വരാപ്പുഴ, ചേരാനല്ലൂർ, കോതാട്, പിഴല, മൂലമ്ബിള്ളി തുടങ്ങിയ പ്രദേശങ്ങളിലും മത്സ്യങ്ങള്‍ ശ്വാസം കിട്ടാതെ പുഴയുടെ മേല്‍ത്തട്ടിലെത്തി.

നങ്ക്, കൂരി, പൂളാൻ ഉള്‍പ്പെടെ പുഴയുടെ അടിത്തട്ടില്‍ കാണപ്പെടുന്ന മത്സ്യങ്ങള്‍ പോലും ശ്വാസം കിട്ടാതെ പൊങ്ങി.ഇത് കണ്ട നാട്ടുകാർ വലകളും മറ്റും കൊണ്ടു ഇവയെ കോരിയെടുത്തു.

രാസമാലിന്യം കലർന്നതിനാല്‍ ചില ഭാഗങ്ങളില്‍ പുഴയിലെ വെള്ളത്തിന്റെ നിറവും മാറിയിരുന്നു. രൂക്ഷമായ ദുർഗന്ധവും ഉണ്ടായിരുന്നു. തീരപ്രദേശങ്ങളില്‍ താമസിക്കുന്ന പലർക്കും ദുർഗന്ധം ശ്വസിച്ച്‌ ശാരീരിക അസ്വസ്ഥത ഉണ്ടായതായി റിപ്പോർട്ട് ഉണ്ട്.

പെരിയാറിന്റെ കൈവഴികളിലേക്കും രാസമാലിന്യം ഒഴുകിയെത്തിയതോടെ പരിസരത്തെല്ലാം വ്യാപക മത്സ്യനാശം സംഭവിച്ചു. ഇരുനൂറിലധികം മത്സ്യക്കൂടുകളാണ് പെരിയാറിലും സമീപത്തുള്ള കൈവഴികളിലുമുള്ളത്. പുഴകളില്‍ സ്ഥാപിച്ചിട്ടുള്ള മത്സ്യക്കൂടുകളിലേക്ക് വിഷജലം കയറിയതോടെ ഇതിലെ മത്സ്യങ്ങളും ചത്തു. സ്വകാര്യ വ്യക്തികള്‍ മീൻ വളർത്തുന്ന ഫാമുകളിലേക്കും പാടങ്ങളിലേക്കും വിഷജലമെത്തി. ഇവിടെയും കോടിക്കണക്കിനു രൂപയുടെ മത്സ്യസമ്ബത്ത് നശിച്ചു.

കർഷകർ മത്സ്യക്കൂടുകള്‍ ഒരുക്കിയിരിക്കുന്നത് ഇരുപതു ലക്ഷം രൂപ വരെ മുതല്‍മുടക്കിയാണ് . നല്ല വില ലഭിക്കുന്ന കരിമീൻ, കാളാഞ്ചി, തിലോപ്പിയ തുടങ്ങിയ മത്സ്യങ്ങളാണ് കൂടുകളില്‍ ഉണ്ടായിരുന്നത് . ഇവയൊക്കെ ചത്തുപൊങ്ങി. മിക്ക കൂടുകളിലും മത്സ്യങ്ങള്‍ വളർച്ച പ്രാപിച്ചിരുന്നു. വിളവെടുപ്പിനു തയ്യാറെടുക്കുന്ന സമയത്തുണ്ടായ മത്സ്യനാശം കർഷകർക്ക് വൻ പ്രതിസന്ധിയാണ് ഉണ്ടാക്കിയിരിക്കുന്നത്.

ചത്തു പൊങ്ങിയ മത്സ്യങ്ങളില്‍ രാസമാലിന്യങ്ങള്‍ കലർന്നത് മൂലം, അവ ഭക്ഷിക്കുന്നത് ഒഴിവാക്കണമെന്നു ആരോഗ്യവിഭാഗവും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.മത്സ്യസമ്ബത്തിന്റെ നഷ്ടം കണക്കാക്കാൻ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറെ നിയോഗിച്ചു. ദുരന്തത്തെക്കുറിച്ച്‌ അന്വേഷിച്ച്‌ റിപ്പോർട്ട് നല്‍കാൻ ജില്ലാ കളക്ടർ മലിനീകരണ നിയന്ത്രണ ബോർഡിന് നിർദേശം നല്‍കിയിട്ടുണ്ട് . ഇതോടൊപ്പം വിശദമായ അന്വേഷണം നടത്താൻ സബ് കളക്ടറുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളെ ഉള്‍പ്പെടുത്തി ഉദ്യോഗസ്ഥതല സമിതിയെയും ചുമതലപ്പെടുത്തി. ഭക്ഷ്യസുരക്ഷാ വകുപ്പും മലിനീകരണ നിയന്ത്രണ ബോർഡും പരിശോധനയ്‌ക്കായി സാംപിളുകള്‍ ശേഖരിച്ചു.

മത്സ്യകർഷകർ ചത്ത മത്സ്യവുമായി ഏലൂരിലെ മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഓഫീസിലും വരാപ്പുഴ പഞ്ചായത്ത് ഓഫീസിലും എത്തി പ്രതിഷേധിച്ചു. പെരിയാറിന്റെ സമീപത്തെ വ്യവസായശാലകളില്‍നിന്ന്‌ രാസമാലിന്യം ഒഴുക്കിവിടുന്നതാണ് വൻതോതില്‍ മത്സ്യം ചത്തുപൊങ്ങാൻ കാരണം എന്നും മലിനജലം ഒഴുക്കിവിടുന്നതിന് ഉദ്യോഗസ്ഥരുടെ ഒത്താശയുണ്ടെന്ന് നാട്ടുകാർ ആരോപിച്ചു.പുഴയിലേക്കു രാസമാലിന്യങ്ങള്‍ ഒഴുക്കിയ സ്ഥാപനം കണ്ടെത്തി കൃത്യമായ നിയമ നടപടികള്‍ സ്വീകരിക്കണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.

പാതാളം റഗുലേറ്റർ ബ്രിഡ്‌ജിന്റെ താഴെ ഭാഗത്താണ് മത്സ്യങ്ങള്‍ ചത്തുപൊങ്ങിയത് . റഗുലേറ്ററിന്റെ 3 ഷട്ടറുകള്‍ തുറന്നു വച്ചിരിക്കുകയാണ്. അതുകൊണ്ട് ഒഴുക്കുമുണ്ട്. ഇതാണ് പെട്ടെന്ന് രാസമാലിന്യം വ്യാപിക്കാൻ കാരണമെന്ന് അനുമാനിക്കുന്നു.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *