11 കെ.വി. ലൈനിലെ ഇൻസുലേറ്റര്‍ പൊട്ടിത്തെറിച്ച്‌ അമിത വൈദ്യുതിപ്രവാഹം; പിഞ്ചുകുഞ്ഞിനു പൊള്ളലേറ്റു

May 22, 2024
41
Views

ചേർത്തല: 11 കെ.വി. വൈദ്യുത ലൈനിലെ ഇൻസുലേറ്റർ പൊട്ടിത്തെറിച്ച്‌ ഭൂമിയിലൂടെയുണ്ടായ അമിത വൈദ്യുതി പ്രവാഹത്തില്‍ ചേർത്തല കടക്കരപ്പള്ളിയില്‍ ഒട്ടേറെപ്പേർക്കു വൈദ്യുതാഘാതമേറ്റു.

കൈകള്‍ക്കു പൊള്ളലേറ്റ പിഞ്ചുകുഞ്ഞിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രദേശത്തെ വീടുകളിലെ ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ക്കടക്കം നാശമുണ്ടായി.

കടക്കരപ്പള്ളി ഒൻപതാം വാർഡ് ഒറ്റപ്പുന്ന കളത്തിപ്പറമ്ബില്‍ നദീറിന്റെ മകൻ ഇഷാന്റെ(ഒന്നര) ഇടതു കൈക്കാണ് പൊള്ളലേറ്റത്. വീടിന്റെ ഇരുമ്ബുഗ്രില്ലില്‍ പിടിച്ചു നില്‍ക്കുമ്ബോഴാണ് പൊള്ളലേറ്റത്. താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ ഹൃദയമിടിപ്പില്‍ വ്യത്യാസം കണ്ടതോടെയാണ് മെഡിക്കല്‍ കോളേജിലേക്കു മാറ്റിയത്. തിങ്കളാഴ്ച രാവിലെ പത്തോടെയായിരുന്നു സംഭവം. ചൊവ്വാഴ്ചയാണ് വിവരം പുറത്തായത്.

സമീപവാസികള്‍ക്കും ചെറിയതോതില്‍ വൈദ്യുതാഘാതമേറ്റിരുന്നു. കളത്തിപ്പറമ്ബില്‍ നാസറിന്റെ വീട്ടിലെ ബള്‍ബുകളും ട്യൂബുകളും കത്തിനശിച്ചു. വീടിനു വെളിയില്‍നിന്ന നാസറിന്റെ ഭാര്യ റഷീദക്കും മരുമകള്‍ റിസാനയ്ക്കുമാണ് ആദ്യം വൈദ്യുതാഘാതമേറ്റത്. തൊട്ടുപിന്നാലെയാണ് ഇഷാനു പൊള്ളലേറ്റത്. റഷീദ ഓടിയെത്തി ഗ്രില്ലില്‍നിന്നു കുട്ടിയെ എടുത്തുമാറ്റുകയായിരുന്നു. കുട്ടിയെ ആശുപത്രിയിലെത്തിക്കാൻ പുറത്തിറങ്ങിയപ്പോഴും ഇവർക്ക് ചെറിയതോതില്‍ വൈദ്യുതാഘാതമേറ്റു.

സമീപത്തെ വീടുകളിലും കടകളിലും ചെറിയതോതില്‍ പ്രശ്നങ്ങളുണ്ടായി. വൈദ്യുതാഘാതമാണെന്നു ആളുകള്‍ക്ക് പിന്നീടാണു മനസ്സിലായത്. അപകടവിവരം പട്ടണക്കാട് കെ.എസ്.ഇ.ബി. ഓഫീസില്‍ അറിയിച്ചെങ്കിലും ഒരു മണിക്കൂറിനു ശേഷമാണ് ആളെത്തിയതെന്ന പരാതിയുണ്ട്.

വളരെ അപൂർവ സാഹചര്യം
കടുത്ത വേനലില്‍ ഇൻസുലേറ്ററില്‍ നേർത്ത പൊട്ടലുകള്‍ വന്നിരിക്കാം. ഇതില്‍ പിന്നീട് വെള്ളമിറങ്ങുകയും വെയിലില്‍ നീരാവിയുണ്ടാകുകയും ചെയ്തതാകാം പൊട്ടിത്തെറിക്കാൻ കാരണം. വിശദ പരിശോധനയിലൂടെയേ കൃത്യമായി പറയാനാകൂ. വളരെ അപൂർവമായി സംഭവിക്കുന്ന കാര്യമാണിത്.
-എസ്.ആർ. ആനന്ദ്, റിട്ട. ചീഫ് എൻജിനിയർ കെ.എസ്.ഇ.ബി.

സംഭവത്തെക്കുറിച്ച്‌ കെ.എസ്.ഇ.ബി. അന്വേഷണം തുടങ്ങി. കെ.എസ്.ഇ.ബി. ചേർത്തല സബ് സ്റ്റേഷനില്‍നിന്ന് അർത്തുങ്കല്‍ ഫീഡറിലേക്കുള്ള 11 കെ.വി. ലൈനിലെ ഇൻസുലേറ്ററാണ് പൊട്ടിയത്. ഭൂമിയിലേക്ക് വൈദ്യുതി പ്രവഹിക്കാതിരിക്കാനുള്ള സംവിധാനമാണ് ഇൻസുലേറ്റർ. ഇതു പൊട്ടിത്തെറിക്കാറില്ലെന്ന് അധികൃതർ പറയുന്നു.

അപ്രതീക്ഷിതമായാണ് ഇൻസുലേറ്റർ പൊട്ടിയതെന്നും ഇതുമൂലം ചെറിയതോതില്‍ ഭൂമിയിലൂടെ വൈദ്യുതി പ്രവഹിച്ചതാണ് പ്രശ്നമായതെന്നുമാണ് പ്രാഥമിക വിലയിരുത്തല്‍. മതിയായ എർത്തിങ്ങുള്ള വീടുകളില്‍ പ്രശ്നമുണ്ടായിട്ടില്ലെന്നും ജീവനക്കാർ പരമാവധി നേരത്തേതന്നെ സംഭവ സ്ഥലത്തെത്തിയെന്നും അധികൃതർ പറഞ്ഞു.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *