കൊച്ചി: സംസ്ഥാനത്ത് അതി ശക്തമായ മഴയെ തുടര്‍ന്ന് വിനോദ സഞ്ചാര മേഖലകളില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. തൃശൂര്‍ ജില്ലയിലെ അതിരപ്പിള്ളിയും വാഴച്ചാലും അടക്കം ദിനംപ്രതി നൂറുകണക്കിന് വിനോദസഞ്ചാരികളെത്തുന്ന കേന്ദ്രങ്ങള്‍ അടച്ചിടും.
വിലങ്ങന്‍കുന്ന്, കലശമല, പൂമല ഡാം, ഏനമാവ് നെഹ്റു പാര്‍ക്ക്, ചെപ്പാറ, വാഴാനി ഡാം, പീച്ചി ഡാം, സ്നേഹതീരം ബീച്ച്, ചാവക്കാട് ബീച്ച്, തുമ്ബൂര്‍മുഴി റിവര്‍ ഗാര്ഡന് എന്നീ വിനോദസഞ്ചാര കേന്ദ്രങ്ങളിലെല്ലാം പ്രവേശനം നിര്‍ത്തിയിട്ടുണ്ട്. നാളെ മുതല്‍ ഈ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നും തന്നെ പ്രവേശനമുണ്ടായിരിക്കില്ല. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരേക്കാണ് സഞ്ചാരികള്‍ക്ക് നിയന്ത്രണം.
മലയോര മേഖലകളില്‍ താമസിക്കുന്നവരും യാത്ര ചെയ്യുന്നവരും ജാഗ്രത പാലിക്കമെന്നാണ് മുന്നറിയിപ്പ്. അന്തര്‍സംസ്ഥാന യാത്രയ്ക്കും നിയന്ത്രണമുണ്ട്. രാവിലെ ആറ് മുതല്‍ വൈകീട്ട് നാലെ വരെ മാത്രമാണ് യാത്രകള്‍ അനുവദിക്കുക.
കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ അടുത്ത മണിക്കൂറുകളില്‍ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗമുള്ള കാറ്റിനും സാധ്യതയുണ്ട്.
തെക്കൻ കേരളത്തിലും മധ്യകേരളത്തിലും വ്യാഴാഴ്ച വരെ മഴകനക്കും. ഇടുക്കി, പത്തനംതിട്ട, കോട്ടയം, ജില്ലകളില്‍ ഇന്നും നാളെയും റെഡ് അലർട്ട് പ്രഖ്യാപിച്ചു.
കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ ഓറഞ്ച് അലേർട്ടും കാസറഗോഡ്, കണ്ണൂർ, വയനാട് ജില്ലകളില്‍ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു. നാളെ അഞ്ചു ജില്ലകളില്‍ ഓറഞ്ച് അലേർട്ടും 6 ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പുമുണ്ട്.
ബുധനാഴ്ചയോടെ തെക്കുപടിഞ്ഞാറൻ ബംഗാള്‍ ഉള്‍കടലില്‍ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ട്. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ കേരള തീരത്ത് നിന്ന് കടലില്‍ പോകുന്നതിന് ഏർപ്പെടുത്തിയ വിലക്ക് തുടരും.