ഐടി പാര്‍ക്കുകളില്‍ മദ്യശാല; ചട്ടഭേദഗതിക്ക് അംഗീകാരം നല്‍കി നിയമസഭാ സമിതി

May 23, 2024
61
Views

തിരുവനന്തപുരം: സംസ്ഥാനത്ത് ഐടി പാർക്കുകളില്‍ മദ്യശാല അനുവദിക്കാനുള്ള ചട്ടഭേദഗതിയിലെ സർക്കാർ നിർദ്ദേശം നിയമസഭാ സമിതി അംഗീകരിച്ചു.

തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം പിൻവലിച്ചശേഷം വിജ്ഞാപനം പുറത്തിറങ്ങും. ഇതോടെ ഐടി പാർക്കുകളില്‍ ബാറുടമകള്‍ക്കും മദ്യം വില്‍ക്കാം. ഐടി പാർക്കുകള്‍ക്ക് നേരിട്ടോ, പ്രമോട്ടർ നിർദ്ദേശിക്കുന്ന കമ്ബനിക്കോ മദ്യവില്‍പ്പനശാല നടത്താം. ഇതിനായി ഐടി പാർക്കുകള്‍ക്ക് എഫ്‌എല്‍4സി ലൈസൻസ് നല്‍കും.

20 ലക്ഷം രൂപയായിരിക്കും ലൈസൻസ് ഫീസ്. രാവിലെ 11 മണി മുതല്‍ രാത്രി 11 വരെ പ്രവർത്തിപ്പിക്കാം. പ്രതിപക്ഷത്തിന്റെ എതിർപ്പുകള്‍ മറികടന്നാണ് ചട്ടഭേദഗതിക്ക് അംഗീകാരം നല്‍കിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന് ശേഷമാകും തുടര്‍ നടപടി സ്വീകരിക്കുക.

ഒന്നാം പിണറായി സർക്കാരിന്റെ കാലത്താണ് ഐടി പാർക്കുകളില്‍ മദ്യം വില്‍ക്കാമെന്ന തീരുമാനമെടുത്തത്. അന്ന് മുതല്‍ തന്നെ പ്രതിപക്ഷം വിമർശനം ഉന്നയിച്ചിരുന്നു. വിദേശ കമ്ബനികളെ സഹായിക്കാനാണെന്നതായിരുന്നു വ്യാപകമായി ഉയ‍ർന്ന ആരോപണം. രണ്ടാം പിണറായി സർക്കാരാണ് ചട്ടഭേദഗതി കൊണ്ടുവന്നത്.

നിയമസഭയില്‍ എക്സൈസ് മന്ത്രി അവതരിപ്പിച്ച ഈ ചട്ടഭേദഗതിക്കാണ് ഇപ്പോള്‍ അംഗീകാരം ലഭിച്ചിരിക്കുന്നത്. മദ്യവില്പനയുടെ ചുമതല ഐടി പാര്‍ക്ക് അധികൃതര്‍ക്ക് മാത്രമാക്കണമെന്ന് എക്‌സൈസ് കമ്മീഷണർ ശുപാര്‍ശ ചെയ്തിരുന്നെങ്കിലും നിയമസഭാ സബ്ജക്‌ട് കമ്മിറ്റി ഇതില്‍ ഭേദഗതി കൊണ്ടുവരികയായിരുന്നു.

അതേസമയം, ഭാവിയില്‍ പാര്‍ക്കുകളില്‍ വെവ്വേറെ ലൈസന്‍സ് നല്‍കേണ്ടി വരുമെന്ന പ്രതിപക്ഷത്തിന്‍റെ വാദഗതി അവഗണിച്ചാണ് നിയമസഭാ സമിതിയുടെ തീരുമാനം. നിലവിലുള്ള ബാര്‍ ലൈസന്‍സികളിലേക്ക് നടത്തിപ്പ് പോകും. മിടുക്കരായ ഐടി പ്രൊഫഷണലുകളില്‍ മദ്യ ഉപഭോഗം കൂടുമെന്നും സാംസ്‌കാരിക നാശത്തിന് വഴി വഴിവയ്‌ക്കുമെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു.

നിലവില്‍ ഡ്രൈ ഡേ എടുത്തുകളയുന്നതടക്കമുള്ള പരിഷ്കാരങ്ങള്‍ക്ക് സ‍ർക്കാർ ആലോചിക്കുമ്ബോഴാണ് ഇത്തരമൊരു നീക്കം. മദ്യവരുമാനം കൂട്ടാൻ സംസ്ഥാനത്ത് ഡ്രൈ ഡേ പിൻവലിക്കുന്നതിനെക്കുറിച്ച്‌ ആലോചിക്കണമെന്ന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചേർന്ന യോഗത്തിലാണ് ചർച്ച ചെയ്തത്.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *