തിരുവനന്തപുരം: നഗരത്തിലെ റോഡുകളുടെ ദുരവസ്ഥ റിപ്പോർട്ട് ചെയ്യാൻ വഞ്ചിയൂരിലെത്തിയ ജനം ടിവിയിലെ മാദ്ധ്യമപ്രവർത്തകരെ ആക്രമിച്ച മുൻ കൗൺസിലറും സി പി എം പാളയം ഏരിയാ കമ്മിറ്റി അംഗവുമായ പി.ബാബുവിനെതിരെ അടിയന്തര നടപടി സ്വീകരിക്കാൻ പോലീസും സിപിഎം നേതൃത്വവും തയ്യാറാകണമെന്ന് തിരുവനന്തപുരം പ്രസ് ക്ലബ് ആവശ്യപ്പെട്ടു. തൻ്റെ മകൾ കൗൺസിലറായ വാർഡിലെ ദുരിതം റിപ്പോർട്ട് ചെയ്യാനെത്തിയ മാദ്ധ്യമപ്രവർത്തകരെയാണ് തെറി വിളിയോടെ ഇയാൾ ആക്രമിച്ചത്. മുമ്പ് വഞ്ചിയൂരിൽ കോടതിക്കു മുന്നിൽ വച്ച് മാതൃഭൂമി ചാനൽ ക്യാമറാമാനെ കഴുത്തിന് കുത്തിപ്പിടിച്ച് മർദ്ദിച്ചതും ഇയാളാണ്.
നഗരത്തിലെ റോവുകളുടെ ദയനീയാവസ്ഥയ്ക്ക് പരിഹാരം കാണേണ്ടത് കക്ഷിരാഷ്ട്രീയഭേദമെന്യേ എല്ലാവരുടെയും ആവശ്യമാണ്.
ഇത്തരം വിഷയങ്ങൾ പൊതുജനമദ്ധ്യത്തിലും അധികൃതരുടെ ശ്രദ്ധയിലും കൊണ്ടുവന്ന് പരിഹരിക്കാനുള്ള മാധ്യമ പ്രവർത്തകരുടെ കഠിന പ്രയത്നത്തെ തടയാൻ ശ്രമിക്കുന്നത് ജനാധിപത്യ സമൂഹത്തിൽ വച്ചുപൊറുപ്പിക്കാനാവില്ല.
സംഘത്തിലെ വനിതാ റിപ്പോർട്ടറെ അധിക്ഷേപിക്കുകയും ക്യാമറമാനിൽ നിന്ന് ക്യാമറ പിടിച്ചുവാങ്ങാൻ ശ്രമിക്കുകയും ചെയ്തു.
ഇക്കാര്യത്തിൽ ഡിജിപി നേരിട്ടിടപെട്ട് ശക്തമായ നിയമ നടപടി സ്വീകരിക്കണം.
മാദ്ധ്യമപ്രവർത്തകരുടെ ജോലി തടസപ്പെടുത്തുന്ന ഇത്തരം ഗുണ്ടായിസത്തെ പൊതു സമൂഹം നേരിടണമെന്ന് പ്രസ് ക്ലബ് പ്രസിഡൻ്റ് എം.രാധാകൃഷ്ണനും സെക്രട്ടറി കെ.എൻ.സാനുവും ആവശ്യപ്പെട്ടു.