ഛത്തീസ്ഗഡിലെ നാരായണ്‍പുരിനടുത്ത് സുരക്ഷാസേനയുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ ഏഴു മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്.
ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണെന്ന് നാരായണ്‍പുര്‍ പൊലീസ് അറിയിച്ചു. ബിജാപുര്‍, നാരായണ്‍പുര്‍ ജില്ലകളുടെ അതിര്‍ത്തിയിലുള്ള വനമേഖലയിലായിരുന്നു ഏറ്റുമുട്ടല്‍.
ഇന്ദ്രാവതി ഏരിയാ കമ്മിറ്റിയുടെയും പതിനാറാം പ്ലാറ്റൂണിന്റെയും ഭാഗമായ മാവോയിസ്റ്റുകളുടെ സാന്നിധ്യമുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്ന് നാരായണ്‍പുര്‍, ബസ്തര്‍, ദന്തേവാഡ എന്നിവിടങ്ങളിലെ ജില്ലാ റിസര്‍വ് ഗാര്‍ഡിന്റെ (ഡിആര്‍ജി) സംയുക്ത സംഘവും പ്രത്യേക ടാസ്‌ക് ഫോഴ്‌സും (എസ്ടിഎഫ്) ചേര്‍ന്നാണ് തിരച്ചില്‍ നടത്തിയത്.
മാവോയിസ്റ്റ് യൂണിഫോം ധരിച്ച ഏഴുപേരെ വധിച്ചതായി നാരായണ്‍പുര്‍ പൊലീസ് സൂപ്രണ്ട് പ്രഭാത് കുമാര്‍ പറഞ്ഞു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്ത് നിന്ന് ഏഴ് തോക്കുകള്‍ കണ്ടെടുത്തതായും അദ്ദേഹം പറഞ്ഞു. ഈ സംഭവത്തോടെ ഈ വര്‍ഷം ഇതുവരെ 112 മാവോയിസ്റ്റുകളാണ് സംസ്ഥാനത്ത് സുരക്ഷാ സേനയുമായുള്ള വ്യത്യസ്ത ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെട്ടത്.